റിയാദ്: ഫാല്‍ക്കന്‍ പക്ഷി ലേലത്തിന്റെ അവസാന ദിവസം ഖര്‍മോഷ ജീര്‍ എന്ന അമേരിക്കന്‍ ഫാല്‍ക്കന് ലഭിച്ചത് പതിനേഴര ലക്ഷം റിയാല്‍. ഒരു മാസമായി റിയാദിന്റെ വടക്കുഭാഗത്തുള്ള മുല്‍ഹിമില്‍ സൗദി ഫാല്‍ക്കന്‍ ക്ലബ് സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര ഫാല്‍ക്കന്‍ ലേലഹാളിലാണ് ലോകത്തെ ഏറ്റവും മുന്തിയ ഫാല്‍ക്കന് റെക്കോര്‍ഡ് വില ലഭിച്ചത്.
അമേരിക്കയിലെ പെസിഫിക് നോര്‍ത്ത് വെസ്റ്റ് ഫാമില്‍ നിന്നുള്ള ഖര്‍മോഷ ജീര്‍ അല്‍ട്രാവൈറ്റ് ഇനത്തില്‍ പെട്ട 16.50 ഇഞ്ച് നീളവും വീതിയും 980 ഗ്രാം തൂക്കവുമുള്ള ഫാല്‍ക്കനാണ് പതിനേഴര ലക്ഷം റിയാലിന് സൗദി പൗരന്‍ ലേലത്തില്‍ വിളിച്ചത്. ഇതേ ഫാമില്‍ നിന്നുള്ള സൂപര്‍വൈറ്റ് ഫാല്‍ക്കന് ഒന്നര ലക്ഷം റിയാലും ജര്‍മനിയുടെ റെയ്‌നര്‍ ഫാല്‍ക്കന്‍സ് ഫാമില്‍ നിന്നുള്ള ഹുര്‍ ഇനത്തിലെ ഫാല്‍ക്കന് തൊണ്ണൂറായിരം റിയാലും ഇന്നലെ ലഭിച്ചു.
14 രാജ്യങ്ങളിലെ പ്രമുഖ ഫാല്‍ക്കന്‍ വളര്‍ത്തു കേന്ദ്രങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഫാല്‍ക്കനുകളെയാണ് വില്‍പനക്കായി ഇവിടെ എത്തിച്ചിരുന്നത്. ഒരു മാസമായി നടക്കുന്ന ഫാല്‍ക്കന്‍ ലേലത്തില്‍ 4386000 റിയാലിനാണ് പക്ഷികള്‍ ലേലത്തില്‍ പോയത്.