ആദിവാസി യുവാവിനെതിരായ കള്ളക്കേസ്: രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കീഴടങ്ങി

Update: 2022-12-15 09:16 GMT

ഇടുക്കി: കിഴുകാനം സ്വദേശിയായ ആദിവാസി യുവാവ് സരുണ്‍ സജിയെ കാട്ടിറച്ചി കടത്തിയെന്ന വ്യാജ കേസ് ചമച്ച് അറസ്റ്റ് ചെയ്ത രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുട്ടം സെഷന്‍സ് കോടതിയില്‍ കീഴടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ മഹേഷ്, ഷിബിന്‍ ദാസ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ റിമാന്‍ഡ് ചെയ്തു. സപ്തംബര്‍ 20നാണ് ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുണിനെ കണ്ണമ്പടി മേഖലയില്‍ നിന്ന് വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്.

ജാമ്യത്തിലിറങ്ങിയ സരുണ്‍ കേസ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫോറസ്റ്റര്‍ അനില്‍ കുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി രാഹുല്‍ എന്നിവരടക്കം കേസില്‍ പ്രതികളായ ഏഴ് ഉദ്യോഗസ്ഥരെ വനം വകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 20നാണ് വില്‍പ്പനയ്ക്ക് കൊണ്ടുപോയ രണ്ടുകിലോ കാട്ടിറച്ചിയുമായി കണ്ണംപടി പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്ററും സംഘവും അറസ്റ്റ് ചെയ്തത്. ഇറച്ചി കടത്തിയ ഓട്ടോ റിക്ഷയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വന്‍മാവ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് സരിന്‍ പിടിയിലായതെന്നാണ് വനം വകുപ്പ് നല്‍കിയ വിശദീകരണം.

എന്നാല്‍, ഇത് കള്ളക്കേസാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആദിവാസി സംഘടനയും ആരോപിച്ചു. ആദിവാസികളെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തി അന്വഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎമ്മും സിപിഐയും ഡിവൈഎഫ്‌ഐയും നേരത്തേ സമരം നടത്തിയിരുന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അനില്‍ കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍ ആര്‍ ഷിജിരാജ്, വി സി ലെനിന്‍, ഡ്രൈവര്‍ ജിമ്മി ജോസഫ്, വാച്ചര്‍മാരായ കെ ടി ജയകുമാര്‍, കെ എന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

Tags:    

Similar News