തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ഡല്‍ഹി പോലിസ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം നൂറ് കടന്നു

ഐപിസിയിലെ സെക്ഷന്‍ 65 നു പുറമെ സിആര്‍പിസിയിലെ 107, 151 വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്.

Update: 2020-03-03 07:17 GMT

ന്യൂഡല്‍ഹി: തെറ്റായതും സ്പര്‍ധ വളര്‍ത്തുന്നതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് തിങ്കളാഴ്ച മാത്രം രജിസ്റ്റര്‍ ചെയ്തത് 10 കേസുകള്‍. ഐപിസിയിലെ സെക്ഷന്‍ 65 നു പുറമെ സിആര്‍പിസിയിലെ 107, 151 വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇതുവരെ സിആര്‍പിസി വകുപ്പ് പ്രകാരം മൂന്ന് കേസുകളും ഐപിസി 65 പ്രകാരം 163 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ഡല്‍ഹി പോലിസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ നേരത്തെ പറഞ്ഞിരുന്നത്.

''ഡല്‍ഹിയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനു വേണ്ടി സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഏത് വിവരങ്ങള്‍ ലഭിച്ചാലും പോലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് നല്‍കുന്ന വിവരങ്ങളുമായി ഒത്തു നോക്കണം.'' എസ് എന്‍ ശ്രീവാസ്തവ പറഞ്ഞു.

ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും കച്ചവടസ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 300 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ അതിക്രമങ്ങളില്‍ ഇതുവരെ 47 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റു. 

Tags:    

Similar News