കൊറോണയാണെന്ന് യുവാവിനെതിരേ വ്യാജപ്രചാരണം; താനൂര്‍ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍
താനൂര്‍: താനൂര്‍ അഞ്ചുടി സ്വദേശിയായ യുവാവ് കൊറോണ നിരീക്ഷണത്തിലാണെന്ന് നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ താനൂര്‍ നഗരസഭാ കൗണ്‍സിലറും ലീഗ് നേതാവുമായ സി പി സലാം അറസ്റ്റില്‍. യുവാവിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ എസ്എച്ച്ഒ പി പ്രമോദും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ ബാംഗ്ലൂരില്‍ നിന്നെത്തിയ യുവാവിനെതിരെയാണ് കൗണ്‍സിലര്‍ വ്യാജ പ്രചാരണം അഴിച്ചുവിട്ടത്. ജില്ലയില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തിരുന്ന താനൂര്‍ സ്വദേശികള്‍ താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടിയതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ കൗണ്‍സിലര്‍ ശബ്ദ സന്ദേശം അയച്ചിരുന്നു. ഇതിലാണ് അഞ്ചുടി സ്വദേശിയായ യുവാവിനെയും പരാമര്‍ശിച്ചത്.
യുവാവ് കൊറോണ ചികില്‍സ തേടാതെ നാട്ടില്‍ കറങ്ങി നടക്കുകയാണെന്ന കൗണ്‍സിലറുടെ വ്യാജസന്ദേശം വ്യാപകമായി പ്രചരിച്ചതോടെ യുവാവിന്റെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ഇതേ തുടര്‍ന്നായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.