തൊഴിലില്ലായ്മയ്‌ക്കെതിരായ കര്‍ഷകരുടെ 'മഹാപഞ്ചായത്തി'ന് തുടക്കം; ഡല്‍ഹിയില്‍ കനത്ത സുരക്ഷയൊരുക്കി പോലിസ്

Update: 2022-08-22 10:24 GMT

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മയ്‌ക്കെതിരേ ഡല്‍ഹി ജന്തര്‍മന്തറില്‍ കര്‍ഷകരുടെ പ്രക്ഷോഭം. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ വിവിധ കര്‍ഷകസംഘടനകള്‍ ചേര്‍ന്നാണ് 'മഹാപഞ്ചായത്ത്' എന്ന പേരില്‍ പ്രക്ഷോഭം നടത്തുന്നത്. സമരസ്ഥലത്ത് മുദ്രാവാക്യം വിളിച്ച കര്‍ഷകര്‍, പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചിട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹി- യുപി അതിര്‍ത്തിയിലെ ഗാസിപൂരില്‍ പ്രതിഷേധിച്ച കര്‍ഷകരെ ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തു.


പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ രാജ്യതലസ്ഥാനത്തേക്ക് കടക്കുന്നതിനിടെ കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ ഞായറാഴ്ച ഡല്‍ഹി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മഹാപഞ്ചായത്ത് ഒരുദിവസം നീണ്ടുനില്‍ക്കുന്ന സമാധാനപരമായ പരിപാടിയാണ്, അവിടെ വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കുന്നതിന് നിയമപരമായ ഉറപ്പ്, വൈദ്യുതി ഭേദഗതി ബില്‍ 2022 റദ്ദാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഞങ്ങള്‍ ആവര്‍ത്തിക്കും- എസ്‌കെഎം (രാഷ്ട്രീയേതര) അംഗവും 'മഹാപഞ്ചായത്ത്' സംഘാടകനുമായ അഭിമന്യു സിങ് കോഹാര്‍ പറഞ്ഞു. ജന്തര്‍ മന്തറിലെ മഹാപഞ്ചായത്തിന് പോലിസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന കര്‍ഷകരെ ഞായറാഴ്ച രാത്രി തടഞ്ഞുവെന്നും ജന്തര്‍മന്തറിലെത്താന്‍ അനുവദിച്ചില്ലെന്നും കോഹാര്‍ പറഞ്ഞു. ഇവരെ ഗുരുദ്വാര ബംഗ്ലാ സാഹിബ്, രകബ്ഗഞ്ച്, മോത്തി ബാഗ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു. ചില കര്‍ഷകരെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ തടഞ്ഞെങ്കിലും പിന്നീട് ജന്തര്‍മന്തറിലേക്ക് പോവാന്‍ അനുവദിച്ചതായി ഡല്‍ഹി പോലിസ് പറഞ്ഞു. കനത്ത സുരക്ഷാ സാഹചര്യവും ഭീഷണിയും കണക്കിലെടുത്ത് ഗാസിപൂര്‍ അതിര്‍ത്തിയില്‍ ചില പ്രതിഷേധക്കാരെ തടഞ്ഞു. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം, എല്ലാവരേയും അതത് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോവാന്‍ അനുവദിച്ചു- പോലിസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേന്ദ്രം പിന്‍വലിച്ച മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരുവര്‍ഷം നീണ്ടുനിന്ന പ്രകടനത്തിന് നേതൃത്വം നല്‍കിയ നിരവധി കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണ് മഹാപഞ്ചായത്ത്.

പ്രക്ഷോഭം കണക്കിലെടുത്ത് ഡല്‍ഹി അതിര്‍ത്തികളില്‍ വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിംഘു, തിക്രി, ഗാസിപൂര്‍ എന്നിവയുള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ ഡല്‍ഹി പോലിസിനെ കൂടാതെ സുരക്ഷാ സേനയെയും വിന്യസിച്ചു. ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഇതെത്തുടര്‍ന്ന് ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ ഗതാഗതക്കുരുക്കുണ്ടായി. റെയില്‍വേ, ബസ്, മെട്രോ സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാണ്. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) കൃത്യമായി നടപ്പാക്കണം, വിവാദമായ കര്‍ഷക നിയമങ്ങള്‍ക്കെതിരേ ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിനിടെ കര്‍ഷകര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിര്‍ത്തിയായ ഗാസിപ്പുരില്‍നിന്നു കസ്റ്റഡിയിലെടുത്ത ടികായത്തിനെ മധുവിഹാര്‍ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെനിന്നാണു തിരിച്ചുവിട്ടത്. നേരത്തെ കര്‍ഷക സമരകാലത്ത് തങ്ങളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും അവര്‍ ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ 2021 ലെ കര്‍ഷക കൂട്ടക്കൊല കേസില്‍ നീതി തേടി കഴിഞ്ഞയാഴ്ച സംയുക്ത കിസാന്‍ മോര്‍ച്ച പ്രകടനം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലഖിംപൂര്‍ ഖേരിയില്‍ വച്ച് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനമിടിച്ച് നാല് കര്‍ഷകരടക്കം എട്ട് പേര്‍ മരിച്ചിരുന്നു.

Tags:    

Similar News