മുസ്‌ലിം ലീഗില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആവാന്‍ പിടിവലി

Update: 2021-05-21 09:43 GMT

കെ പി ഒ റഹ്‌മത്തുല്ല

മലപ്പുറം : മുസ്‌ലിം ലീഗില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായി ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി എ മജീദ് തിരൂരങ്ങാടി മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെ ആണ് പാര്‍ട്ടിയുടെ താല്‍ക്കാലിക സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല പി എം എ സലാമിന് നല്‍കിയിരുന്നത് എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്ഥിരം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. നേരത്തെ 30 വര്‍ഷത്തോളം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും നിയമസഭാകക്ഷി നേതൃസ്ഥാനവും ഒരുമിച്ചു വഹിച്ചിരുന്ന കുഞ്ഞാലിക്കുട്ടി ആ സ്ഥാനത്തേക്ക് വരുന്നതിനു വേണ്ടിയുള്ള ചരടുവലികള്‍ ആരംഭിച്ചതായാണ് അറിയുന്നത് നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്ക് നേരത്തെ അദ്ദേഹത്തെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തിരുന്നു. കുറ്റിപ്പുറത്ത് പരാജയപ്പെട്ടതിനു ശേഷവും ലോകസഭാംഗമായപ്പോഴും അല്ലാതെ എല്ലാ സമയത്തും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കുഞ്ഞാലിക്കുട്ടി തന്നെയാണ് ചുമതല നിര്‍വഹിച്ചിരുന്നത്.

ഇടതുപക്ഷ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ഇന്നലെ അദ്ദേഹം ചെയ്ത എഫ്.ബി പോസ്റ്റിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തപ്പോഴും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി എത്തിയിരുന്നു. അയ്യായിരത്തിലേറെ എതിരഭിപ്രായങ്ങളാണ് ഇത്തരത്തില്‍ വന്നത്. അവയെല്ലാം കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കിയിരുന്നു

ജനറല്‍ സെക്രട്ടറി സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും ഒന്നിച്ചു വഹിക്കണമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മനസ്സിലുള്ള ആഗ്രഹം അതിനു വേണ്ടിയുള്ള കരുനീക്കങ്ങള്‍ അദ്ദേഹം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട് ഹൈദരലി തങ്ങള്‍ അടക്കമുള്ള നേതാക്കളുമായി ഇക്കാര്യം അദ്ദേഹം പങ്കു വെച്ചതായി അറിയുന്നു. കുറ്റിപ്പുറത്ത് 2006ല്‍ ജലീലിനോട് പരാജയപ്പെട്ടപ്പോള്‍ നേതാക്കള്‍ക്കും അണികള്‍ക്കും കുഞ്ഞാലിക്കുട്ടിയില്‍ വലിയ അവിശ്വാസം ഉണ്ടാവുകയും അദ്ദേഹത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. അതിനെയാണ് കെ ടി ജലീല്‍ വണ്ടിയുടെ മുന്‍ ചക്രം പിന്നിലേക്ക് മാറ്റിയിട്ടു എന്ന് അന്ന് പരിഹസിച്ചത്.

നിയമസഭാ കക്ഷി നേതാവായും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും മൂന്ന് പത്തിറ്റാണ്ടുകാലം തികച്ചിട്ടും തനിക്ക് മതിയായിട്ടില്ല എന്ന തരത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ നീക്കങ്ങള്‍. ദേശീയ ജനറല്‍ സെക്രട്ടറി പദവി രാജിവെച്ച് അദ്ദേഹം സംസ്ഥാന ജനറല്‍ സെക്രട്ടറി ആകാനാണ് വരുന്നത് എന്നത് വിരോധാഭാസം തന്നെയാണ് .സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കുഞ്ഞാലിക്കുട്ടിക്കും ലീഗ് നേതാക്കള്‍ക്കും എതിരെ കടുത്ത വിമര്‍ശനങ്ങള്‍ വരുമ്പോഴും പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വവും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനവും ഒന്നിച്ച് വഹിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഒരാള്‍ക്ക് ഒരു പദവി എന്നതാണ് മുസ്‌ലിം ലീഗിന്റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ എന്നതിനു പുറമെ ഇപ്പോള്‍ രണ്ട് പാര്‍ട്ടി പദവികള്‍ കൂടി വഹിക്കുന്നുണ്ട്. ദേശിയ ജനറല്‍ സെക്രട്ടറി, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്നീ സ്ഥാനങ്ങള്‍ നിവില്‍ കുഞ്ഞാലിക്കുട്ടിക്കുണ്ട്.

കെ എം ഷാജിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആക്കണം എന്ന് നേതാക്കളില്‍ നിന്നും അനുയായികളില്‍ നിന്നും കടുത്ത സ്വരം ഉയര്‍ന്നിട്ടുണ്ട് എന്നാല്‍ വിജിലന്‍സ് കേസില്‍ ഷാജി അകപ്പെട്ടതിനാല്‍ അദ്ദേഹത്തിനെതിരെ അറസ്റ്റ് ഉണ്ടായാല്‍ പാര്‍ട്ടി ക്ഷീണിക്കും എന്നുപറഞ്ഞാണ് കുഞ്ഞാലിക്കുട്ടി വിഭാഗം എതിര്‍ക്കുന്നത് സി മമ്മൂട്ടി, അഡ്വ എം ഉമ്മര്‍ എന്നിവരിലൊരാളെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നും നേതാക്കളില്‍ ചിലര്‍ വാദിക്കുന്നു എന്നാല്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും പഴയതലമുറ മാറി യുവജന നേതാക്കളെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണം എന്നാണ് ഉറക്കെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നാല്‍ അതൊന്നും പരിഗണിക്കാതെ കുഞ്ഞാലിക്കുട്ടിയെ തന്നെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആക്കാനുള്ള ശ്രമമാണ് അണിയറയില്‍ ഒരുങ്ങുന്നത്. കുഞ്ഞാലിക്കുട്ടി ഒഴിയുമ്പോള്‍ ഒഴിവുവരുന്ന ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം സീനിയര്‍ നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ നല്‍കുമെന്നാണ് അറിയുന്നത്

സിപിഎം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേതൃത്വത്തില്‍ തലമുറ മാറ്റം വരുത്തുമ്പോള്‍ ലീഗില്‍ മാത്രം അതൊന്നും നടക്കുന്നില്ല എന്നതാണ് സത്യം. മൂന്ന് പതിറ്റാണ്ട് കാലമായി എംഎല്‍എയും പാര്‍ട്ടി ഭാരവാഹിത്വവും വഹിക്കുന്നവര്‍ തന്നെയാണ് പാര്‍ട്ടിയില്‍ ഇപ്പോഴും നേതൃസ്ഥാനങ്ങളില്‍ തുടരുന്നത്. മത്സരരംഗത്ത് ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും അവര്‍ തന്നെയായിരുന്നു.തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഉണ്ടായിട്ടും മുസ്‌ലിം ലീഗ് ഒരു പാഠവും പഠിക്കുന്നില്ല എന്നതാണ് പാര്‍ട്ടിയിലെ പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.

Tags:    

Similar News