ഐസ്‌ക്രീമിൽ കണ്ടെത്തിയ വിരൽ ഫാക്ടറി ജീവനക്കാരന്റേതെന്ന് പോലിസ് ; സ്ഥിരീകരിക്കാൻ ഡിഎന്‍എ പരിശോധന

Update: 2024-06-19 10:18 GMT

മുംബൈ: നഗരത്തിലെ ഡോക്ടര്‍ക്ക് ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഐസ്‌ക്രീം നിര്‍മിച്ച ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഇതെന്നാണ് പോലിസിന്റെ നിഗമനം. ഐസ്‌ക്രീം നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തിലാണ് വിരല്‍ നഷ്ടപ്പെട്ടതെന്നും ഡോക്ടര്‍ വാങ്ങിയ ഐസ്‌ക്രീം നിര്‍മിച്ച അതേദിവസമാണ് അപകടമുണ്ടായതെന്നും പോലിസ് കണ്ടെത്തി.ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും പോലിസ് പറഞ്ഞു. ഇതിനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചു. പരിശോധനാ റിപോര്‍ട്ട് ലഭിച്ചശേഷമേ തുടര്‍നടപടികളുണ്ടാകൂ.

കഴിഞ്ഞയാഴ്ചയാണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയെന്ന പരാതിയുമായി മുംബൈ സ്വദേശിയായ ഡോ. ഒര്‍ലേം ബ്രെന്‍ഡന്‍ സെറാവോ രംഗത്തെത്തിയത്. സെപ്‌റ്റോ ആപ്പ് വഴിയാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്തത്. സംഭവത്തിന്റെ വിഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Tags:    

Similar News