മാള: അഷ്ടമിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറില്‍ തീപ്പിടിത്തം. നിരവധി സാധനങ്ങള്‍ തീപ്പിടിത്തത്തില്‍ കത്തിനശിച്ചിട്ടുണ്ട്. അഷ്ടമിച്ചിറ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ബേക്കറിയിലാണ് തീപ്പിടിത്തമുണ്ടായത്. ഭക്ഷ്യവസ്തുക്കളും ഫര്‍ണീച്ചറുകളുമടക്കം എല്ലാം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ഏഴ് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികമായ കണക്കുകൂട്ടല്‍. മാളയില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. രാവിലെ 6.30 മണിയോടെയാണ് സംഭവം.
സ്‌റ്റേഷന്‍ ഓഫിസര്‍ സി ഒ ജോയിയുടെ നേതൃതത്തില്‍ എസ്എഫ്ആര്‍ഒ സി കെ ബൈജു, ഫയര്‍ ഓഫിസര്‍മാരായ വിപീഷ്, ശരത്, ശ്യാംകുമാര്‍, ടി ടി പ്രതീപ്, മനോജ്, ഹോം ഗാര്‍ഡുമാരായ ഉണ്ണികൃഷ്ണന്‍, വര്‍ഗീസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. പൊയ്യയില്‍ നിന്നും രാവിലത്തെ തിരക്കില്‍ അല്‍പ്പം വൈകിയാണ് ഫയര്‍ഫോഴ്‌സിനെത്താനായത്. അപ്പോഴേക്കും എല്ലാം കത്തിനശിച്ചിരുന്നു. ആലപ്പുഴ സ്വദേശിയും അഷ്ടമിച്ചിറയില്‍ വാടകക്ക് താമസിക്കുന്നതുമായ കാരച്ചിറ സക്കീറിന്റെയാണ് ബേക്കറി. ഇദ്ദേഹത്തിന് ജോലിയൊന്നുമില്ലാതിരിക്കെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് താജുദ്ദീന്റെ സഹായത്തോടെയാണ് ബേക്കറി തുടങ്ങിയത്. ഒന്നര വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത ബേക്കറി ഇന്‍ഷുര്‍ ചെയ്യാത്തതിനാല്‍ ഇനിയെന്ത് ചെയ്യുമെന്ന ചിന്തയിലാണ് സക്കീര്‍.