ചാലക്കുടിയില്‍ പാര്ക്കിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു
തൃശൂര്‍: ചാലക്കുടിയില്‍ പാര്‍ക്ക് ചെയ്ത കാറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ചാലക്കുടി കലാഭവന്‍ മണി പാര്‍ക്കിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനാണ് തീ പിടിച്ചത്. തൊട്ടുമുന്നിലെ മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. മുനിസിപ്പാലിറ്റിയില്‍ ഓഫിസ് ആവശ്യത്തിനെത്തിയ ചാലക്കുടി പോട്ട സ്വദേശി മണക്കാട്ട് ദിവ്യ ഓടിച്ച കാറാണ് കത്തിയത്. ഓഫിസിലേക്ക് പോകുന്നതിനായി പാര്ക്കിന് മുന്നില്‍ കാര്‍ ഒതുക്കിയിടുകയായിരുന്നു. ശേഷം വണ്ടി എടുക്കാന്‍ നേരം മുന്‍ഭാഗത്ത് നിന്നായി പുക ഉയരുന്നത് കണ്ട ദിവ്യ വര്‍ക്ഷോപ്പ് ജീവനക്കാരനെ വിളിച്ചിരുന്നു. അപ്പോഴേക്കും പുക ഉയരുകയും തീ പടരുകയും ചെയ്തു. ഇതു കണ്ട മുന്‍സിപ്പല്‍ ജീവനക്കാര്‍ നഗരസഭയുടെ ഓഫിസ് കെട്ടിടത്തിലെ സൈറന്‍ മുഴക്കുകയും, കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെ ഫയര്‍ഫോഴ്സ് കൂടി എത്തിയതോടെ വലിയ ദുരന്തം ഒഴിവാക്കിക്കൊണ്ട് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചു.