സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, മുന്നണികള്‍ ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍ കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പോളിംഗ്ബൂത്തുകള്‍ ഇന്ന് സജ്ജമാകും. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും.
നിയമസഭയിലേക്കുള്ള ട്രയല്‍ എന്ന് വിശേഷിപ്പിക്കാവുന്ന തദ്ദേശ തെരഞ്ഞെടുപ്പാണിത്. ആദ്യ ഘട്ടമായ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക. അഞ്ച് ജില്ലകളിലായി 88.66 ലക്ഷം സമ്മദിദായകരാണുള്ളത്. 7271 തദ്ദേശ വാര്‍ഡുകളിലായി ജനവിധി തേടുന്നത് 24,582 സ്ഥാനാര്‍ത്ഥികളും. പരസ്യപ്രചാരണം സമാപിച്ച് നിശബ്ദ പ്രചാരണത്തിലേക്ക് കടന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കൂട്ടലിന്റെയും കിഴിക്കലിന്റെയും മണിക്കൂറുകളാണ് ഇനി. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച വിവാദങ്ങളും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഒരു പോലെ വിജയപ്രതീക്ഷയിലാണ്. മേല്‍ക്കൈ നിലനിര്‍ത്താമെന്ന് എല്‍ഡിഎഫും മുന്നേറ്റമുണ്ടാക്കാമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. മികവുറ്റ പ്രകടനവുമായി എസ്ഡിപിഐയും മല്‍സരരംഗത്ത് സജീവമാണ്.
അവസാന മണിക്കൂറിലെ അടിയൊഴുക്കുകളാണ് വിധി നിര്‍ണയത്തില്‍ നിര്‍ണായകമാകുകയെന്ന കണക്കുകൂട്ടലില്‍ അവ തടയുന്നതിനുള്ള ജാഗ്രതയിലുമാണ് മുന്നണികള്‍.
കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ മുന്നൊരുക്കങ്ങള്‍ കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് വ്യത്യസ്തമാണ്. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ക്കൊപ്പം പോളിംഗ് ഉദ്യാഗസ്ഥര്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും ഫേസ് ഷീല്‍ഡും നല്‍കും. 9.1 ലക്ഷം എന്‍ 95 മാസ്‌കും ആറ് ലക്ഷം കൈയുറകളുമാണ് വിതരണം ചെയ്യുക. ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന 2.22 ലക്ഷം ഫേസ് ഷീല്‍ഡുകളും പുനഃരുപയോഗിക്കാന്‍ കഴിയുന്ന ഫേസ് ഷീല്‍ഡുകളും നല്‍കും.
പോളിംഗ് ബൂത്തുകള്‍ ഇന്ന് അണുവിമുക്തമാക്കി സജ്ജമാക്കും. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ.
ആദ്യഘട്ട തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലിസ് മേധാവി വ്യക്തമാക്കി. 16,968 പൊലിസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചു. അഞ്ച് ജില്ലകളിലായി 1,722 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഇവിടങ്ങളില്‍ പൊലിസിന്റെ പ്രത്യേക നിരീക്ഷണവും റോന്ത് ചുറ്റലും ഉണ്ടാവും.