രാജസ്ഥാനില്‍ ട്രാക്ടര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് മരണം; 25 പേര്‍ക്ക് പരിക്ക്
ജയ്പൂര്‍: ദക്ഷിണ രാജസ്ഥാനിലെ പാലി ജില്ലയില്‍ ട്രാക്ടര്‍ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. സാരമായി പരിക്കേറ്റ 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ സുമേര്‍പൂര്‍ മേഖലയില്‍ ട്രക്കുമായി കൂട്ടിയിടിച്ച ട്രാക്ടര്‍ തലകീഴായി മറിയുകയായിരുന്നു. ജയ്‌സാല്‍മേറിലെ രാംദേവ്ര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയ തീര്‍ത്ഥാടകരാണ് അപകടത്തില്‍ അകപ്പെട്ടത്. അമിതവേഗതയില്‍ വന്ന ട്രക്ക് ട്രാക്ടറില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
വിവരമറിഞ്ഞ് പോലിസും നിരവധി ആംബുലന്‍സുകളും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും അനുശോചനം രേഖപ്പെടുത്തി. 'രാജസ്ഥാനിലെ പാലിയിലുണ്ടായ അപകടം ദു:ഖകരമാണ്. ഈ സമയത്ത് തന്റെ ചിന്തകള്‍ കുടുംബങ്ങള്‍ക്കൊപ്പമാണ്.
പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നു- പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റില്‍ പറഞ്ഞു. 'രാജസ്ഥാനിലെ പാലിയിലുണ്ടായ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനവും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു- ഉപരാഷ്ട്രപതിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.