മര വ്യാപാരിയുടെ വാടക ക്വാട്ടേഴ്‌സില്‍ നിന്നും അഞ്ചുകിലോ ചന്ദനമുട്ടികള്‍ പിടികൂടി

കാഞ്ഞങ്ങാട് ഇഖ്ബാല്‍ നാഗറിലെ ഐശ്വര്യ കോട്ടേഴ്‌സില്‍ താമസക്കാരനായ മുളിയാര്‍ സ്വദേശി അലൂര്‍ തായത്ത് അബൂബക്കറി (56) ന്റെ വസതിയില്‍ ഒളിപ്പിച്ചു വെച്ച ചന്ദനമുട്ടികള്‍ ആണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് പിടികൂടിയത്.

Update: 2020-11-04 07:27 GMT

കാസര്‍കോട്: മര വ്യാപാരിയുടെ വാടക ക്വാട്ടേഴ്‌സില്‍ നിന്നും അഞ്ചുകിലോ ചന്ദനമുട്ടികള്‍ പിടികൂടി. പ്രതിയെ പിടികൂടാനായില്ല. കാഞ്ഞങ്ങാട് ഇഖ്ബാല്‍ നാഗറിലെ ഐശ്വര്യ കോട്ടേഴ്‌സില്‍ താമസക്കാരനായ മുളിയാര്‍ സ്വദേശി അലൂര്‍ തായത്ത് അബൂബക്കറി (56) ന്റെ വസതിയില്‍ ഒളിപ്പിച്ചു വെച്ച ചന്ദനമുട്ടികള്‍ ആണ് കാഞ്ഞങ്ങാട് ഫോറസ്റ്റ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ചെത്തിമിനുക്കിയ ചന്ദനമുട്ടികള്‍ പിടികൂടിയത്. കര്‍ണാടകത്തിലേക്ക് കൊണ്ടുപോകാന്‍ ശേഖരിച്ചു വെച്ച ചന്ദനമാണ് ഇതെന്ന് ഫോറസ്റ്റ് ഓഫിസര്‍ കെ അഷ്‌റഫ് പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച രാവിലെ 11ന് നടന്ന റെയ്ഡിനിടെ പ്രതി രക്ഷപ്പെട്ടു. പ്രതിയുടെ ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. കാസര്‍കോട് കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് പരിസരത്തുനിന്ന് ചന്ദനകടത്ത് പിടികൂടിയ പശ്ചാത്തലത്തിലാണ് ജില്ലയില്‍ റെയ്ഡ് ശക്തമാക്കിയത്. അബൂബക്കറിന് നീലേശ്വരം, ചാളക്കടവ്, മടിക്കൈ തുടങ്ങിയ സ്ഥലങ്ങളില്‍ മരക്കച്ചവടമാണ് പകല്‍ പണി. അതിനിടയ്ക്ക് ചന്ദനമുട്ടികളും ശേഖരിക്കും. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി പ്രതി, വനം വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രിയില്‍ താമസിക്കുന്ന ക്വാട്ടേഴ്‌സില്‍ ചന്ദനം എത്തിച്ചതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു.ഈ ക്വാട്ടേഴ്‌സില്‍ വെച്ച് സ്ഥിരമായിട്ട് ചന്ദനം വാങ്ങുന്നതായും വില്‍ക്കുന്നതായും വിവരം ലഭിച്ചിച്ചിരുന്നു. ഒളിവിലായ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും അധികൃതര്‍ പറഞ്ഞു. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വിനോദ് കുമാര്‍, ഷിഹാബുദീന്‍, വിശാഖ്, ഗിരീഷ്, ജിതിന്‍, അനശ്വര എന്നിവരും പരിശോധനക്ക് ഒപ്പം ഉണ്ടായിരുന്നു

Tags:    

Similar News