തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ വൻ വർദ്ധന

Update: 2024-06-27 13:24 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസര്‍ ഡെവലപ്‌മെന്റ് ഫീ ഇനത്തില്‍ വന്‍ വര്‍ദ്ധന. ജൂലൈ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും വിദേശ യാത്രികര്‍ 1540 രൂപയും യൂസര്‍ ഫീയായി നല്‍കണം. അടുത്ത വര്‍ഷങ്ങളിലും യൂസര്‍ ഫീ കുത്തനെ ഉയരും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള യാത്രകള്‍ക്ക് ഇനി ചിലവേറും. ആഭ്യന്തര യാത്രകള്‍ക്കുള്ള 506 രൂപ യൂസര്‍ ഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികര്‍ക്കുള്ള യൂസര്‍ ഫീ 1069ല്‍ നിന്ന് 1540 ആയി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വിദേശ യാത്രികര്‍ 660 രൂപയും ആഭ്യന്തര യാത്രികര്‍ 330 രൂപയും ഇനി യൂസര്‍ ഫീയായി നല്‍കണം.

ജൂലൈ മുതല്‍ ഈ നിരക്ക് പ്രാബല്യത്തില്‍ വരും. എയര്‍പോര്‍ട്ട് ഇക്‌നോമിക് റെഗുലേറ്ററി അതോറിറ്റി തിരുവനന്തപുരം വിമാനത്താവളത്തിന് പുതുക്കി നിശ്ചയിച്ച താരിഫ് അനുസരിച്ചാണ് യൂസര്‍ ഫീ നിരക്ക് ഉയരുന്നത്. 2021ല്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് തിരുവനന്തപുരത്ത് യൂസര്‍ ഫീ കൂട്ടുന്നത്. ഓരോ 5 വര്‍ഷം കൂടുമ്പോഴാണ് എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി, വിമാനത്താവളങ്ങളിലെ യൂസര്‍ ഡെവലപ്‌മെന്റ് ഫീ പുതുക്കി നിശ്ചയിക്കുന്നത്. 2022ല്‍ താരിഫ് പുതുകേണ്ടിയിരുന്നെങ്കിലും രണ്ട് വര്‍ഷം വൈകി ഇപ്പോഴാണ് പുതുക്കിയത്.

കൊവിഡ് കാലത്തെ നഷ്ടം കണക്കിലെടുത്ത് 900 കോടി രൂപ അദാനി ഗ്രൂപ്പ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കണം. ഇത് മൂലമാണ് ഈ തുക ഇത്രയും ഉയര്‍ന്നത് എന്നാണ് അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ 1200 കോടി രൂപ ചെലവഴിക്കാനാണ് അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചത്. ഇത് രണ്ടും കണക്കിലെടുത്ത് യൂസര്‍ ഫീ പുതുക്കി നിശ്ചയിച്ചതോടെയാണ് കുത്തനെയുള്ള വര്‍ധന. ഡൊമസ്റ്റിക് യാത്രക്കാരെ ലക്ഷ്യമിട്ട് തിരുവനന്തപുരം കേന്ദ്രീകരിച്ച് വിമാനക്കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരം ഉണ്ട്. അതിനാല്‍ ഡൊമസ്റ്റിക്ക് യാത്ര നിരക്കുകളില്‍ വലിയ മാറ്റം ഉണ്ടായേക്കില്ല. എന്നാല്‍ അന്താരാഷ്ട്ര യാത്രികര്‍ക്ക് കുത്തനെ കൂട്ടിയ യൂസര്‍ ഫീ അമിത ഭാരമാകും.

Tags:    

Similar News