കൊവിഡ് മാര്‍ഗനിര്‍ദേശം പാലിക്കുക, അല്ലെങ്കില്‍ പിഴയൊടുക്കുക; കടുത്ത നടപടിയുമായി മുംബൈ വിമാനത്താവള അധികൃതര്‍
മുംബൈ: കൊവിഡ് വ്യാപനം വര്‍ധിക്കുമ്പോഴും ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കാത്ത യാത്രികരെ നിലക്കുനിര്‍ത്താന്‍ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആയിരം രൂപ പിഴയിടാനാണ് വിമാനത്താവള അധികൃതരുടെ തീരുമാനം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നവയാണ് പ്രധാന ആരോഗ്യ നിര്‍ദേശങ്ങള്‍.
കൊവിഡിന്റെ രണ്ടാം വരവിന്റെ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ കൊക്കൊള്ളാന്‍ വിമാനത്താവളം അധികൃതര്‍ക്ക് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ആവിയേഷന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സംസ്ഥാനമൊട്ടാകെ പ്രത്യേകിച്ച് മുംബൈ കൊവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നുപോവുകയാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
യാത്രികര്‍ ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആരെങ്കിലും നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവരെ നിയമ ഏജന്‍സികള്‍ക്ക് കൈമാറാനാണ് തീരുമാനം.
കൂടുതല്‍ യാത്രികര്‍ കൂട്ടംകൂടുന്ന ഇടങ്ങള്‍ നിശ്ചിത ഇടവേളകളില്‍ സാനിറ്റൈസ് ചെയ്യുന്നുണ്ട്. ആഭ്യന്തര സര്‍വീസുകള്‍ കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്.