വനഭൂമി പട്ടയം: വനം ഉദ്യോഗസ്ഥര്‍ മാനുഷികപക്ഷത്തു നിന്ന് തീരുമാനങ്ങളെടുക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

Update: 2021-08-24 12:22 GMT

കല്‍പ്പറ്റ: വനഭൂമി 1977 മുമ്പ് കൈവശമാക്കിയവര്‍ക്കുള്ള പട്ടയ വിതരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതിനകം സംയുക്ത സര്‍വ്വേ പൂര്‍ത്തിയാക്കിയ പ്രദേശങ്ങളുടെ സര്‍വ്വെ വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കാന്‍ വനം വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വയനാട് കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. വയനാട് ജില്ലയില്‍ 1,500 ഓളം പേര്‍ക്ക് കൈവശ ഭൂമിയുടെ രേഖ ലഭിക്കാന്‍ സാഹചര്യമൊരുക്കുന്ന ഈ നടപടി ഒരു കാരണവശാലും ഇനി വൈകിപ്പിക്കാന്‍ പാടില്ലെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. 

ജനങ്ങളുമായി ബന്ധമില്ലാത്ത വകുപ്പായി വനം വകുപ്പിനെ മാറ്റരുതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ മാനുഷിക പക്ഷത്തു നിന്ന് തീരുമാനങ്ങളെടുക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശിച്ചു. വന്യമൃഗങ്ങളുടെ കടന്നാക്രമണം മൂലം ജീവനാശവും കൃഷി നാശവും സംഭവിക്കുന്നത് തടയാന്‍ പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും പ്രവേശിക്കുന്നത് തടയാന്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള ഫെന്‍സിങ് ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജില്ലയ്ക്ക് പ്രത്യേകമായി പദ്ധതി തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. എം.എല്‍.എമാരുടെ വികസന നിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം, തൊഴിലുറപ്പു പദ്ധതി തുടങ്ങിയവ ഉപയോഗപ്പെടുത്തി എങ്ങനെ ഫലപ്രദമായി ഇവ നടപ്പാക്കാനാകുമെന്നു പരിശോധിക്കും. തൊഴിലുറപ്പു പദ്ധതി വഴി ഇവയുടെ പരിപാലനവും നിര്‍വ്വഹിക്കാനാകും. പദ്ധതി തയ്യാറാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. സംസ്ഥാന വ്യാപകമായി വനാതിര്‍ത്തികളില്‍ വന്യമൃഗശല്യം തടയുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പൊതുജനങ്ങളില്‍ നിന്നുള്‍പ്പെടെ അഭിപ്രായം സ്വരൂപിച്ചതായി മന്ത്രി അറിയിച്ചു.

വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും കാര്‍ഷിക വിളകള്‍ നഷ്ടപ്പെടുന്നവര്‍ക്കമുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്ന കാര്യം പരിശോധിക്കും. അതേ സമയം കാര്‍ഷിക വിളകള്‍ നഷ്ടപ്പെടുന്നവര്‍ക്ക് വിള ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് കര്‍ഷകരെ ബോധവത്ക്കരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇത്തരത്തിലുള്ള രണ്ട് കേന്ദ്ര പദ്ധതികളില്‍ ഉള്‍പ്പെടെ വനാതിര്‍ത്തികളിലുള്ള മുഴുവന്‍ കര്‍ഷകരെയും ഉള്‍പ്പെടുത്തുന്നതിന് ജില്ലയില്‍ പൈലറ്റ് പദ്ധതി തയ്യാറാക്കും. വന്യജീവികളുടെ ശല്യം തയുന്നതിന് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കുന്നതിന്റെ നിയമവശം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജലജീവന്‍ മിഷന്‍, കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുന്നതിനുള്ള വൈദ്യുതി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റും റോഡ് പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കുന്നതില്‍ വനം വകുപ്പ് അനുകൂല നിലപാട് സ്വീകരിക്കും. ജില്ലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷവും വനാതിര്‍ത്തിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങളും എം.എല്‍.എമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. യോഗത്തിനു മുന്നോടിയായി ജില്ലയില്‍ വിവിധ കര്‍ഷക സംഘടനാ പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി.

കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ടി. സിദ്ദിഖ്, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, എ.ഡി.എം എന്‍.ഐ ഷാജു, വനം റവന്യൂ പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News