പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന് ആരോപണം: രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
തിരുവനന്തപുരം: പീഡനപ്പരാതി ഒപ്പുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ശശീന്ദ്രന്‍ തന്റെ നിലപാട് വ്യക്തിമാക്കിയത്.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ സ്വമേധയാ മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ വച്ച് കാണുകയായിരുന്നു. ശശീന്ദ്രനെ ന്യായീകരിച്ച് പി സി ചാക്കോ രംഗത്തുവന്നു.
അതിനിടയില്‍ ലൈംഗിക പീഡന കേസില്‍ എന്‍സിപി നേതാവ് ജി പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലിസ് കേസെടുത്തു. പരാതി ലഭിച്ച് 22 ദിവസത്തിന് ശേഷമാണ് പൊലിസിന്റെ നടപടി. മന്ത്രി എ കെ ശശീന്ദ്രന്‍ വിഷത്തില്‍ ഇടപെട്ടത് വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്.
പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായാണ് ആരോപണം ഉയര്‍ന്നത്. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു.
പരാതി പിന്‍വലിക്കാനല്ല ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഫോണില്‍ സംസാരിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.