കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോവാദി സംഘത്തെ കണ്ടതായി വനംവകുപ്പ് അധികൃതര്‍;തെരച്ചില്‍ ആരംഭിച്ചു
വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേളകം പോലിസ് യുഎപിഎ ചുമത്തി കേസെടുത്തു
കണ്ണൂര്‍:കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോവാദി സംഘത്തെ കണ്ടതായി വനംവകുപ്പ് അധികൃതര്‍.പാല്‍ച്ചുരം കോളനിക്ക് എതിര്‍വശം കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെ പള്ളിയറ ചെക്ക്ഡാമിന് സമീപമാണ് മാവോവാദി സംഘം എത്തിയത്. മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ എന്നയാള്‍ സംഘത്തിലുണ്ടെന്നാണ് അധികൃതരുടെ സ്ഥിരീകരണം. ആയുധധാരികളായ മൂന്നംഗ സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചു.
രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേളകം പോലിസ് യുഎപിഎ ചുമത്തി കേസെടുത്തു.
ഫെബ്രുവരി 21ന് നാദാപുരം പശുക്കടവിലെ പാമ്പന്‍കോട് മലയില്‍ മാവോവാദി സംഘം എത്തിയതായി വിവരം ലഭിച്ചിരുന്നു.വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്ന് തണ്ടര്‍ബോള്‍ട്ടും കേരള പോലിസ് സംഘവും അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.