കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍: വേണ്ടിയിരുന്നില്ലെന്ന് ലഡാക്കിലെ മുന്‍ ബിജെപി പ്രസിഡന്റ്
'പ്രത്യേക പദവി നഷ്ടപ്പെട്ടതോടെ ഇപ്പോള്‍ പുറത്തു നിന്നുള്ളവര്‍ ഭൂമി വാങ്ങുകയും ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇത് നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നും അദ്ദേഹം തിരുത്തുന്നുണ്ട്.
ലെ: കേന്ദ്രസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍ അനുകൂലിച്ച ലഡാക്കിലെ ബിജെപി നേതാവ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നിലപാട് മാറ്റി. ലഡാകിലെ മുന്‍ ബിജെപി പ്രസിഡന്റായ ചെറിംഗ് ഡോര്‍ജ് ആണ് ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടി തങ്ങളുടെ സംരക്ഷണം തന്നെ ഇല്ലാതെയാക്കിയെന്ന് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 നാണ് ബിജെപി സര്‍ക്കാര്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇതിനെ ലഡാക്കിലെ ബുദ്ധമത നേതൃത്വം അനുകൂലിക്കുകയും നരേന്ദ്ര മോദിയെ പ്രശംസിക്കകയും ചെയ്തിരുന്നു. ആ സമയത്ത് ലഡാക്കിലെ ബിജെപി പ്രസിഡന്റായിരുന്നു ചെറിംഗ് ഡോര്‍ജ്. 'ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരിലെ തൊഴില്‍, ഭൂമി, സംസ്‌കാരം എന്നിവയുടെ സംരക്ഷണം ഉറപ്പാക്കിയെന്നും മേഖലയില്‍ ഭൂമി വാങ്ങുന്നതിനോ ജോലിക്ക് അപേക്ഷിക്കുന്നതിനോ പുറത്തുനിന്നുള്ളവരെ വിലക്കിയിരുന്നു എന്നുമാണ് ചെറിംഗ് ഡോര്‍ജ് ഇപ്പോള്‍ പറയുന്നത്. 'പ്രത്യേക പദവി നഷ്ടപ്പെട്ടതോടെ ഇപ്പോള്‍ പുറത്തു നിന്നുള്ളവര്‍ ഭൂമി വാങ്ങുകയും ജോലിയില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇത് നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നും അദ്ദേഹം തിരുത്തുന്നുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് 5,730 മീറ്റര്‍ (18,799 അടി) ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക്കില്‍ രണ്ട് ജില്ലകളിലായി 300,000 ത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. ബുദ്ധമത ഭൂരിപക്ഷ പ്രദേശമായ ലേ നഗരം, മുസ്‌ലിം ഭൂരിപക്ഷമുള്ള കാര്‍ഗില്‍ എന്നിവയാണ് അവ. ബിജെപിയുടെ ലെ ഘടകം പ്രദേശവാസികള്‍ക്ക് ജോലി, ഭൂമി അവകാശങ്ങള്‍, ബിസിനസുകള്‍, പരിസ്ഥിതി, സാംസ്‌കാരിക വിഭവങ്ങള്‍ എന്നിവയുടെ സംരക്ഷണം ആവശ്യപ്പെട്ട് ആഴ്ച്ചകള്‍ക്കു മുന്‍പ് പ്രമേയം പാസാക്കിയിരുന്നു. സംരക്ഷിത പദവി തിരിച്ചു നല്‍കണമെന്നാണ് ലഡാക്കിലെ ബിജെപി നേതാക്കള്‍ ഉള്‍പ്പടെ ഇപ്പോള്‍ ആവശപ്പെടുന്നത്.