കശ്മീരിലെ പാര്‍ട്ടികള്‍ നല്‍കുന്നത് വ്യാജവാഗ്ദാനങ്ങള്‍; അനുച്ഛേദം 370 പുനഃസ്ഥാപിക്കപ്പെടില്ലെന്ന് ഗുലാം നബി ആസാദ്

Update: 2022-09-11 11:29 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കുകയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് റദ്ദാക്കുകയും ചെയ്ത ഭരണഘടനയുടെ 370ാം അനുച്ഛേദം പുനഃസ്ഥാപിക്കാനാവില്ലെന്ന് ഗുലാം നബി ആസാദ്.

വടക്കന്‍ കാശ്മീരിലെ ബാരാമുള്ളയില്‍ നടന്ന തന്റെ ആദ്യ പൊതുയോഗത്തിലാണ് അനുച്ഛേദം 370 പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത കശ്മീരിലെ പ്രാദേശിക പാര്‍ട്ടികളെ ആസാദ് വിമര്‍ശിച്ചത്. അത്തരം പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'ഗുലാം നബി ആസാദ് ആരെയും തെറ്റിദ്ധരിപ്പിക്കില്ല. വോട്ടിന് വേണ്ടി ഞാന്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യില്ല. ദയവായി നേടിയെടുക്കാന്‍ കഴിയാത്തവ ഉയര്‍ത്തിക്കാട്ടരുത്. അനുച്ഛേദം 370 പുനഃസ്ഥാപിക്കാന്‍ കഴിയില്ല. അതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്'- പ്രസംഗത്തില്‍ ആസാദ് പറഞ്ഞു.

എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് താഴേക്ക് പോകുകയാണ്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനും അനുച്ഛേദം 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാര്‍ട്ടിയും ഇന്ത്യയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ചൂഷണത്തിന്റെയും അസത്യത്തിന്റെയും രാഷ്ട്രീയത്തിനെതിരേ അടുത്ത 10 ദിവസത്തിനുള്ളില്‍ ജമ്മു കശ്മീരില്‍ തന്റെ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ചൂഷണത്തിന്റെ രാഷ്ട്രീയം കശ്മീരില്‍ ഒരു ലക്ഷം പേരുടെ ജീവന്‍ നഷ്ടപ്പെടുത്തി. ഇത് അഞ്ച് ലക്ഷം കുട്ടികളെ അനാഥരാക്കി' ആസാദ് പറഞ്ഞു.

ചൂഷണത്തിനും അസത്യത്തിനും എതിരെ പോരാടാനാണ് താന്‍ ജമ്മു കശ്മീരില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന അനുച്ഛദം 370 പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു കരാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മിക്ക പാര്‍ട്ടികളും ഒപ്പുവച്ചിരുന്നു. അതിനെതിരേയാണ് ഗുലാം നബി ആസാദിന്റെ പ്രതികരണം.

'ആളുകളെ പ്രക്ഷോഭത്തിനു പ്രേരിപ്പിച്ച് കൊലപ്പെടുത്തുന്നത് മറ്റൊരു വഞ്ചനയാണ്. ആസാദ് ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാന്‍ അസത്യത്തിനെതിരെ പോരാടും. ഈ ആശയം നിശബ്ദമാക്കണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കൊല്ലേണ്ടിവരും'- ആസാദ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ആസാദ് കോണ്‍ഗ്രസ് വിട്ടത്.

സീറ്റുകള്‍ നേടുന്നതിനായി വികാരനിര്‍ഭരമായ മുദ്രാവാക്യങ്ങള്‍ ഞാന്‍ ഉന്നയിക്കില്ല. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി പോരാടേണ്ടിവരും. അതിന് ഭരണഘടനാ ഭേദഗതിയുടെ ആവശ്യമില്ല. 370ാം വകുപ്പ് റദ്ദാക്കിയതിനെതിരേ പാര്‍ലമെന്റില്‍ സംസാരിച്ചത് താന്‍ ഭാഗമായിരുന്ന ജി 23 എന്നറിയപ്പെടുന്ന കോണ്‍ഗ്രസ് വിമതര്‍ മാത്രമാണെന്നും ആസാദ് പറഞ്ഞു.

Tags:    

Similar News