'ചികില്‍സയ്ക്ക് 500 രൂപ നല്‍കിയതിന് യുഎപിഎ'; എന്‍ഐഎ അറസ്റ്റ് ചെയ്ത കശ്മീര്‍ മസ്ജിദ് ഇമാമിന് ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: ചികില്‍സാ സഹായമായി 500 രൂപ നല്‍കിയതിനും വീട് നിര്‍മാണത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതിനും യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റ് ചെയ്ത് കശ്മീര്‍ മസ്ജിദ് ഇമാമിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. കശ്മീരിലെ ഒരു വ്യക്തിയുടെ മകളുടെ ചികില്‍സയ്ക്ക് വേണ്ടിയാണ് കശ്മീരി മസ്ജിദ് ഇമാം ജാവൈദ് അഹമ്മദ് ലോണ്‍ 500 രൂപയുടെ സാമ്പത്തിക സഹായം നല്‍കിയത്. എന്നാല്‍, ഇതില്‍ തീവ്രവാദ ഫണ്ടിങ് ആരോപിച്ച് എന്‍ഐഎ ഇമാമിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു.
2022 ഫെബ്രുവരി 15 ന് അറസ്റ്റിലായ ഇമാമിന് 10 മാസത്തെ തടവിന് ശേഷമാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു വ്യക്തിയെ വീട് പണിയാന്‍ സഹായിക്കുന്നതോ മകളുടെ ചികില്‍സയ്ക്കായി ഒരാള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതോ കുറ്റകരമായി കണക്കാക്കാനാവില്ലെന്ന് എന്‍ഐഎയോട് വ്യക്തമാക്കിയാണ് കോടതി ജാമ്യ ഉത്തരവ് പാസാക്കിയത്. ഗന്ദര്‍ബാലിലെ ഒരു പള്ളിയിലെ ഇമാമായിരുന്നു ലോണ്‍. കശ്മീരിലെ നിരോധിത മുസ്‌ലിം സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയിലെ അംഗമാണ് ലോണെന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. 15 ലക്ഷം രൂപ പിരിച്ചെടുത്ത ജമാഅത്തെ ഇസ്‌ലാമി കശ്മീര്‍ അംഗങ്ങളുടെ പട്ടിക ലോണിന്റെ കൈയില്‍ നിന്ന് കണ്ടെടുത്തതായി എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
ലോണ്‍ ഒരു വ്യക്തിക്ക് വീട് പണിയാന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും മകളുടെ ചികില്‍സയ്ക്ക് 500 രൂപ മറ്റൊരാള്‍ക്ക് നല്‍കുകയും ചെയ്തുവെന്ന് എന്‍ഐഎ ആരോപിച്ചു. അപ്പോഴാണ് ഒരു വ്യക്തിയെ വീട് പണിയാന്‍ സഹായിക്കുന്നതോ രോഗിയായ മകള്‍ക്ക് ചികില്‍സ നല്‍കുന്നതിന് ദരിദ്രന് സാമ്പത്തിക സഹായം നല്‍കുന്നതോ ഒരുതരത്തിലും കുറ്റമായി കണക്കാക്കാനാവില്ലെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഷൈലേന്ദര്‍ മാലിക്ക് ജാമ്യാപേക്ഷ പരിഗണിക്കവെ നിരീക്ഷിച്ചു.
വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇമാമിന് ജാമ്യം നല്‍കേണ്ട ഉചിതമായ കേസാണിതെന്ന് കോടതിക്ക് വ്യക്തമായിരിക്കുകയാണ്. അതുകൊണ്ട് ജാവൈദ് അഹമ്മദ് ലോണിന് 30,0001 രൂപയുടെ വ്യക്തിഗത ബോണ്ടിന്‍മേല്‍ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി വ്യക്തമാക്കി. രാജ്യം വിടരുതെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണ് ജാമ്യം അനുവദിച്ചത്. ലോണിന്റെ വീട്ടില്‍ നിന്ന് തോക്കും വെടിക്കോപ്പും കണ്ടെത്തിയെന്ന ആരോപണത്തെ രണ്ട് പ്രോസിക്യൂഷന്‍ സാക്ഷികള്‍ പിന്തുണച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അബൂബക്കര്‍ സബ്ബഖ് കോടതിയില്‍ വാദിച്ചു. തോക്ക് കണ്ടെടുത്തിട്ടില്ലെന്നാണ് സാക്ഷികള്‍ കോടതി മുമ്പാകെ മൊഴി നല്‍കിയത്.