മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖ് കോണ്‍ഗ്രസ് വിട്ടു; എന്‍സിപിയില്‍ ചേര്‍ന്നേക്കും
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്ര കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ മന്ത്രി ബാബാ സിദ്ദിഖ് പാര്‍ട്ടി അംഗത്വം രാജിവച്ചു. ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാബ സിദ്ദിഖ് പാര്‍ട്ടിയുമായുള്ള 48 വര്‍ഷത്തെ ബന്ധമാണ് ഇതോടെ അവസാനിപ്പിച്ചത്. ബാന്ദ്ര വെസ്റ്റില്‍ മൂന്ന് തവണ എംഎല്‍എയായ സിദ്ദിഖിന്റെ മകന്‍ സീഷന്‍ ബാന്ദ്രയില്‍ (ഈസ്റ്റ്) നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ്.
അടുത്തുതന്നെ ബാന്ദ്രയില്‍ നടക്കുന്ന ഒരു പരിപാടിയില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ ബാബാ സിദ്ദീഖ് ചേരുമെന്നാണ് റിപോര്‍ട്ട്. 'ഞാന്‍ കൗമാരപ്രായത്തില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 48 വര്‍ഷം നീണ്ടുനിന്ന ഒരു സുപ്രധാന യാത്രയാണത്. ഇന്ന് ഞാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നു. ഞാന്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ അവര്‍ പറയുന്നതുപോലെ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലത്. ഈ യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി പറയുന്നു' എന്നാണ് സിദ്ദിഖ് എക്‌സില്‍ പോസ്റ്റ് ചെയ്തത്.