തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി സമസ്ത

Update: 2024-04-23 11:44 GMT

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമസ്ത എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നുവെന്ന രീതിയിലുള്ള പ്രചാരണം വിവാദമായിരിക്കെ വിശദീകരണവുമായി രംഗത്ത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ് ലിം ലീഗും ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്ന് സമസ്ത നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, ഖജാഞ്ചി പി പി ഉമര്‍ മുസ്‌ല്യാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ല്യാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ഫാഷിസത്തിനെതിരായ പോരാട്ടത്തില്‍ എല്‍ഡിഎഫിനെയാണ് വിശ്വസിക്കാനാവുന്നതെന്ന സമസ്ത മുശാവറ അംഗവും സെക്രട്ടറിയുമായ ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ് ദിവസം നടത്തിയ പ്രസ്താവനകള്‍ വിവാദമായതോടെയാണ് നേതാക്കളുടെ സംയുക്ത പ്രസ്താവന.

Tags:    

Similar News