നയങ്ങള്‍ക്ക് അടുത്തകാലത്തായി മാറ്റം വന്നു; സമസ്ത നേതൃത്വത്തിനെതിരേ പരസ്യവിമര്‍ശനവുമായി ബഹാഉദ്ദീന്‍ നദ്‌വി
മലപ്പുറം: മുസ് ലിം ലീഗ്-സമസ്ത തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. സമസ്ത നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി രംഗത്തെത്തി. മത നിഷേധികള്‍ക്കെതിരേ കര്‍ശന നിലപാട് സ്വീകരിച്ച സംഘടനയാണ് സമസ്തയെന്നും അടുത്ത കാലത്തായി അതിനു മാറ്റങ്ങള്‍ വന്നതായും അദ്ദേഹം പറഞ്ഞു. സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങ് അതിന് തെളിവാണ്. നിരീശ്വരവാദിയായ ഒരാള്‍ക്ക് തക്ബീര്‍ ചൊല്ലി പിന്തുണ നല്‍കുന്നത് ബുദ്ധിശൂന്യമാണെന്നും ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി വിമര്‍ശിച്ചു. സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്തതിനെയും പ്രസംഗത്തിന് തക്ബീര്‍ ചൊല്ലുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
സുപ്രഭാതത്തിന് മാര്‍ഗഭ്രംശം സംഭവിച്ചതു കൊണ്ടാണ് ഗള്‍ഫ് എഡിഷന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. സുപ്രഭാത്തിനുള്ളില്‍ കുറച്ചുകാലമായി പ്രഖ്യാപിത രീതിയില്‍ നിന്നു ചെറിയ രീതിയില്‍ മാര്‍ഗഭ്രംശം സംഭവിച്ചിട്ടുണ്ട്. അത് ശരിയാക്കിയെടുക്കണം. വ്യക്തത വരുത്തിയ ശേഷം സഹകരിക്കാമെന്ന നിലപാടില്‍ മനഃപൂര്‍വ്വം മാറി നിന്നതാണ്. മുസ് ലിം ലീഗ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ല. ജിഫ്രി തങ്ങള്‍ അടക്കം പങ്കെടുത്തവര്‍ നിലവിലെ നിലപാടുമായി യോജിച്ചുവരുന്നവരായിരിക്കാം. സമസ്തയിലെ പൂര്‍വികരുടെ നിലപാടുകള്‍ മറക്കരുത്. വ്യക്തിപരമായ കാഴ്ച്ചപ്പാടുകള്‍ക്കോ താല്‍പര്യങ്ങള്‍ക്കോ സമസ്തയില്‍ പ്രസക്തിയില്ല. സമസ്ത നേതൃത്വം മാറേണ്ടതില്ല. എന്നാല്‍ നയങ്ങള്‍ മാറ്റണം. പരസ്പരം സമരസപ്പെട്ടായിരുന്നു മുസ് ലിം ലീഗും സമസ്തയും മുന്നോട്ട് പോയത്. സംഘടിതനീക്കങ്ങളിലൂടെ മാത്രമേ അധികാരികളുമായി ഇടപെടാന്‍ സാധിക്കൂ. സഹസഞ്ചാരമാണ് സമൂഹത്തിന് ആവശ്യമെന്നും ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു.