മുന്‍ മന്ത്രി എംപി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

Update: 2022-04-13 09:59 GMT

കോട്ടയം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംപി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ആര്‍ ശങ്കറിന്റെ മന്ത്രിസഭയിലെ(1962-64) ആരോഗ്യ മന്ത്രിയായിരുന്ന ഗോവിന്ദന്‍ നായര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിഭാഷകന്‍ ആയിരുന്ന ഗോവിന്ദന്‍ നായര്‍ കേരള ബാര്‍ അസോസിയേഷന്‍ അംഗം, എന്‍എസ്എസ് പ്രതിനിധി സഭാംഗം, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കെഎഫ്‌സി, മീറ്റ് പ്രൊഡക്ട്്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.

കോട്ടയത്തിനടുത്ത് പാറമ്പുഴ പുത്തന്‍പുരയില്‍ എന്‍ പരമേശ്വരന്‍ പിള്ളയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനായി 1926 ഏപ്രില്‍ 27നായിരുന്നു ജനനം. സ്‌കൂള്‍പഠനത്തിന് ശേഷം കോട്ടയം സിഎംഎസ് കോളജില്‍ ഇന്റര്‍ മിഡിയേറ്റ്, ആലുവ യുസി കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ എക്കണോമിക്‌സില്‍ ബിഎ ബിരുദവും നേടി. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളജില്‍ നിന്ന് ബിഎല്‍ പാസ്സായി. 1950 നവംബറില്‍ കോട്ടയം ബാറിലെ അഭിഭാഷകനായി.34ാം വയസിലാണ് ആര്‍ ശങ്കറിന്റെ മന്ത്രിസഭയിലെ മന്ത്രിയായത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പിതൃസഹോദര പുത്രനാണ്. സംസ്‌കാരം വ്യാഴാഴ്ച.ഭാര്യ: പരേതയായ ശാരദാദേവി. മകള്‍: സുധ. മരുമകന്‍: റിട്ട: കേണല്‍ പി എസ് സി നായര്‍.



Tags:    

Similar News