മുന്‍ മന്ത്രി ടി ശിവദാസ മേനോന്‍ അന്തരിച്ചു

Update: 2022-06-28 07:23 GMT

കോഴിക്കോട്:ഇടതു രാഷ്ട്രീയത്തിന്റെ കലര്‍പ്പില്ലാത്ത വിശുദ്ധി ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച മുന്‍മന്ത്രിയും സിപിഎം നേതാവുമായ ടി ശിവദാസമേനോന്‍(90) അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ചേരി കച്ചേരിപ്പടിയില്‍ മരുമകനും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായ സി ശ്രീധരന്‍നായരുടെ നീതി എന്ന വീട്ടിലായിരുന്നു താമസം.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നീണ്ടകാലമായി വിശ്രമത്തിലായിരുന്നു.

മൂന്നു തവണ നിയമസഭാംഗവും രണ്ടു തവണ മന്ത്രിയുമായിരുന്നു. പാലക്കാട്ടുനിന്നു ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശിവദാസ മേനോന്‍ ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചു. നിയമസഭക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവ ആവേശം പാര്‍ട്ടിയുടെ കരുത്തായി. എക്‌സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത തീരുമാനം ശ്രദ്ധ നേടിയിരുന്നു.

1987 മുതല്‍ 2001 വരെ തുടര്‍ച്ചയായി മൂന്ന് തവണ മലമ്പുഴയില്‍ നിന്ന് വിജയിച്ച് നിയമസഭാംഗമായി.1987ലും 96ലും നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 87ല്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 96 മുതല്‍ 2001 വരെ ധനമന്ത്രിയായിരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചീഫ് വിപ്പ് സ്ഥാനവും വഹിച്ചു. 1993 മുതല്‍ 1996 വരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായിരുന്നു.

1932 ജൂണ്‍ 14 നാണ് ജനിച്ചത്. സംസ്ഥാനത്ത് അധ്യാപക യൂണിയനുകള്‍ സംഘടിപ്പിക്കുന്നതില്‍ ഇടപെടല്‍ നടത്തിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. നേരത്തെ മണ്ണാര്‍ക്കാട്ടിലെ കെടിഎം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സ്‌കൂളിന്റെ ഹെഡ് മാസ്റ്ററുമായി.കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു.

ഭാര്യ:ഭവാനി അമ്മ 2003ല്‍ മരിച്ചു. മക്കള്‍: ടി കെ ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കള്‍: കരുണാകര മേനോന്‍ (എറണാകുളം), സി ശ്രീധരന്‍നായര്‍ (മഞ്ചേരി).

Tags:    

Similar News