കൊവിഡ് യോദ്ധാക്കള്‍ക്ക് ഫ്രറ്റേണിറ്റി ഫോറത്തിന്റെ ആദരം, അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന് ഉപഹാരം കൈമാറി

Update: 2020-11-01 14:53 GMT

ജിദ്ദ: കൊവിഡ് വ്യാപന കാലഘട്ടത്തില്‍ പ്രാവാസികള്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ ആതുര സേവന രംഗത്ത് നിറഞ്ഞു നിന്ന അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിനെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കമ്മിറ്റി ആദരിച്ചു. 'കൊവിഡ് യോദ്ധാക്കളെ ആദരിക്കുക' എന്ന പരിപാടിയുടെ ഭാഗമായാണ് ഫോറം ചടങ്ങ് സംഘടിപ്പിച്ചത്. മഹാമാരിയുടെ തുടക്ക കാലഘട്ടത്തില്‍ തന്നെ ആരോഗ്യ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തിയ ബോധവല്‍ക്കരണ പരിപാടികളും കൊവിഡ് രോഗികളെ സുശ്രൂഷിക്കുന്നതിന് ഒരുക്കിയ സംവിധാനങ്ങളും പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസമാണ് നല്‍കിയതെന്ന് ഫ്രറ്റേണിറ്റി ഫോറം ഉപഹാരം കൈമാറിക്കൊണ്ട് ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറ പ്രസ്താവിച്ചു.

ആരോഗ്യ ചികിത്സാ മേഖലകളില്‍ അല്‍അബീര്‍ ഗ്രൂപ്പ്പിന്റെ പ്രഫഷണലിസം എടുത്ത് പറയേണ്ടതാണ്. 2014ല്‍ നോവല്‍ കൊറോണ വൈറസിനെക്കുറിച്ചുള്ള ക്യാമ്പയിന്‍ അടക്കം ഫ്രറ്റേണിറ്റി ഫോറം നടത്തിയ പല ബോധവല്‍ക്കരണ പരിപാടികളിലും അല്‍അബീറിന്റെ നല്ല സഹകരണമുണ്ടായിട്ടുണ്ടെന്നും മുഹമ്മദ് സാദിഖ് അനുസ്മരിച്ചു.

അല്‍അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അല്‍അബീര്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അഹമ്മദ് ആലുങ്ങല്‍ ഉപഹാരം ഏറ്റുവാങ്ങി. അല്‍അബീര്‍ ഗ്രൂപ്പ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ അബ്ദുല്‍റഹ്‌മാന്‍, ഫോറം ചാപ്റ്റര്‍ പ്രതിനിധികള്‍ റാഫി ബീമാപള്ളി, മുജീബ് കുണ്ടൂര്‍, ഷാഹുല്‍ഹമീദ് ചേലക്കര സംബന്ധിച്ചു.

Similar News