വയനാട്: എസ്‌സി-എസ്ടി വിഭാഗങ്ങളുടെ സംവരണ വ്യവസ്ഥയില്‍ വരുമാന പരിധി നിശ്ചയിച്ച് ക്രീമിലെയര്‍ വിഭാഗത്തെ ഒഴിവാക്കണമെന്ന സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സംവരണത്തിന്റെ അടിസ്ഥാന തത്വത്തെ തന്നെ പൂര്‍ണമായി അട്ടിമറിക്കുന്നതാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്‌റിന്‍. ചരിത്രപരമായ വിവേചനങ്ങള്‍ കാരണം സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് തുല്യമായ പ്രാതിനിധ്യം നല്‍കുക എന്ന സംവരണ വ്യവസ്ഥയുടെ ലക്ഷ്യത്തെയാണ് സുപ്രിംകോടതി വിധിയിലൂടെ പൂര്‍ണമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഒബിസി സംവരണത്തിലെ ക്രീമിലെയര്‍ പരിധിയിലൂടെയും ഇഡബ്ല്യുഎസ് സംവരണത്തിലൂടെയും സാമ്പത്തിക സംവരണം നടപ്പാക്കിയപ്പോഴും എസ് സി-എസ്ടി വിഭാഗങ്ങളെ അതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 1950 ല്‍ ഭരണഘടനയില്‍ സംവരണം വ്യവസ്ഥ ചെയ്തതിന് ശേഷം ആദ്യമായാണ് എസ്‌സി-എസ്ടി വിഭാഗങ്ങളുടെ ക്വാട്ടയെ പുനര്‍നിശ്ചയിച്ച് കൊണ്ടുള്ള കോടതി ഇടപെടല്‍ ഇപ്പോള്‍ ഉണ്ടാവുന്നത്. ഇതോടു കൂടി സമുദായ സംവരണമെന്ന വ്യവസ്ഥയെ തന്നെ പൂര്‍ണമായി അട്ടിമറിച്ചിരിക്കുകയാണ്. ഈ നിയമനിര്‍മാണത്തിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരേണ്ടതുണ്ട്. ഈ സാമൂഹിക അനീതിക്കെതിരേ കേരളത്തിലെ വ്യത്യസ്ത എസ്‌സി-എസ് ടി സംഘടനകള്‍ ആഗസ്ത് 21ന് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താലിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഷെഫ്‌റിന്‍ പറഞ്ഞു.