മലബാർ വിദ്യാഭ്യാസ വിവേചനം: പ്രതിസന്ധി പരിഹരിക്കും വരെ പ്രക്ഷോഭമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

Update: 2024-05-14 07:25 GMT

കോഴിക്കോട്: മലബാർ ജില്ലകളിലെ ഹയർ സെക്കന്ററി സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിനെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡൻ്റ് കെ എം ഷെഫ്റിൻ.

എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ റിസൽട്ടുകൾ പുറത്ത് വന്നിട്ടും മലബാറിലെ ജില്ലകളിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അ‍ഡ്മിഷന് മതിയായ സീറ്റുകൾ ഇല്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മലബാറിലെ വിദ്യാർത്ഥികളുടെ പൊതുവിദ്യാഭ്യാസ അവകാശം ഉറപ്പാക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ മലപ്പുറം ജില്ല ഉയർത്തി വികാരം ഉണ്ടാക്കരുതെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന തികഞ്ഞ വംശീയതയും പ്രാദേശിക വിവേചനവുമാണ്. മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കൽ മാത്രമാണ് പരിഹാരം എന്ന് സർക്കാർ തന്നെ നിശ്ചയിച്ച കാർത്തികേയൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും ആ റിപ്പോർട്ട് പോലും പുറത്ത് വിടാതെ മാർജിനൽ സീറ്റ് മാത്രം അനുവദിച്ച് പ്രശ്നം തീർപ്പാക്കാൻ ശ്രമിക്കുന്നത് വിദ്യാർത്ഥി വഞ്ചനയാണ്. മലബാറിലെ ജില്ലകളിൽ 65 പേർ തിങ്ങി നിറഞ്ഞ് പഠിക്കുന്ന കൂടുതൽ ക്ലാസ്മുറികൾ ഉണ്ടാക്കുക മാത്രമാണ് മാർജിനൽ സീറ്റ് വർദ്ധനവിലൂടെ സംഭവിക്കുന്നത്. എന്നിട്ടും വിദ്യാഭ്യാസ അവകാശം ചോദിക്കുന്നവരെ വംശീയവത്കരിക്കാൻ ശ്രമിക്കുന്ന മന്ത്രി വി ശിവൻകുട്ടി വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്റിൻ ആവശ്യപ്പെട്ടു.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ മലബാർ ജില്ലകളിലായി ഈ വർഷം ആകെ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത് 231000 വിദ്യാർത്ഥികളാണ്. എന്നാൽ ജില്ലകളിലെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം ഗവൺമെന്റ് മേഖലയിലെ 108530, എയ്ഡഡ് മേഖലയിലെ 81240 അടക്കം ആകെ 189770 ആണ്. അതായത് 41230 സീറ്റുകളുടെ കുറവ് ആണ് എസ്.എസ്.എൽ.സി പാസായവരുടെ ഉപരിപഠനത്തിനായി ഈ ജില്ലകളിലുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ റിസൽറ്റുകൾ കൂടി കൂട്ടിയാൽ സീറ്റുകളുടെ അഭാവം വീണ്ടും വർദ്ധിക്കുകയാണ് ചെയ്യുക. മലബാർ ജില്ലകൾ അനുഭവിക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുടെ ആഴമറിയാൻ 2016 മുതൽ 2022 വരെയുള്ള ഓപൺ സ്കൂൾ പ്ലസ് വൺ അഡ്മിഷന്റെ കണക്കുകൾ കൂടി പരിശോധിച്ചാൽ ബോധ്യപ്പെടും. സർക്കാർ-എയിഡഡ് സ്കൂളുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരാണ് ഓപൺ സ്കൂളിനെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും. ഉപരി പഠന സൗകര്യമില്ലാത്തതിനാൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന ഓപൺ സ്കൂളിൽ (സ്കോൾ) പ്ലസ് വൺ കോഴ്സിന് ചേർന്നത് 3,96,121 പേരാണ്. ഇതിൽ 2,96,969 പേർ പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നാണ്. ഇതിൽ 1,44,617 പേർ സീറ്റ് പ്രതിസന്ധി രൂക്ഷമായ മലപ്പുറം ജില്ലയിൽ നിന്നാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഓപൺ സ്കൂൾ പ്രവേശനം നേടിയതിൽ 75 ശതമാനവും മലബാർ ജില്ലയിൽ നിന്നായിരിക്കെയാണ് മലബാറിൽ സീറ്റു കുറവുണ്ടെന്ന കാലങ്ങളായുള്ള ആവശ്യത്തിനോട് സർക്കാർ പുറം തിരിഞ്ഞ് നിൽക്കുന്നത്.

മലബാറിലെ സീറ്റ് പ്രതിസന്ധിക്കുള്ള ശ്വാശത പരിഹാരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ്. അതിന് ഇനിയും തയ്യാറാകാതെ വിദ്യാഭ്യാസ അവകാശ സമരത്തെ വംശീയവത്കരിക്കാനുള്ള സർക്കാർ-ഇടത് പക്ഷ ശ്രമങ്ങൾക്കെതിരിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തും.

മന്ത്രിമാരെ തടയൽ, സർക്കാരിന് എതിരെ ഡോർ ടു ഡോർ കാമ്പയിൻ, വഴി തടയൽ സമരം തുടങ്ങി രൂക്ഷമായ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതൃത്വം നൽകും. പ്രതിസന്ധി ഏറ്റവും രൂക്ഷമായ മലപ്പുറം ജില്ലയിൽ "മലപ്പുറം മെമ്മോറിയൽ" എന്ന പേരിൽ സമര പ്രക്ഷോഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ബന്ദ്, ക്ലിഫ് ഹൗസ് മാർച്ച്, സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം, സംസ്ഥാന വ്യാപകമായി കളക്ടറേറ്റ് മാർച്ചുകൾ, ഡി.ഡി.ഇ ഓഫീസ് മാർച്ചുകൾ, പ്രതിഷേധ തെരുവ് ക്ലാസുകൾ തുടങ്ങിയവ മലബാർ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. മലബാറിനോടുള്ള പ്രാദേശിക വിവേചനം ജനാധിപത്യാവകാശങ്ങളുടെ ധ്വംസനമാണെന്നും വിദ്യാഭ്യാസ ബന്ദടക്കമുള്ള മുഴുവൻ സമരങ്ങളെയും എല്ലാ വിദ്യാർത്ഥികളും ജനാധിപത്യ വിശ്വാസികളും ഏറ്റെടുക്കണമെന്നും കെ.എം.ഷെഫ്റിൻ ആവശ്യപ്പെട്ടു.

Tags:    

Similar News