റിസര്‍വ് ബാങ്ക് ഡിവിഡെന്റ് ഉപയോഗിച്ച് സൗജന്യ വാക്‌സിന്‍ ലഭ്യമാക്കണം: എ എം ആരിഫ് എംപി
വിദേശ രാജ്യങ്ങള്‍ അംഗീകരിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ ഔദ്യോഗിക നാമമായ ഓക്‌സ്‌ഫോര്‍ഡ് അസ്ട്ര സെനേക എന്നത് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കി പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും എംപി ആവശ്യപ്പെട്ടു.
ആലപ്പുഴ: റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ച ഒരു ലക്ഷം കോടി രൂപയുടെ ഡിവിഡെന്റ് എല്ലാ ജനങ്ങള്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാന്‍ വിനിയോഗിക്കണമെന്ന് എ എം ആരിഫ് എംപി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയ എം.പി, സംസ്ഥാനങ്ങളുടെ ആവശ്യത്തിനനുസരിച്ച് രാജ്യത്തെ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആഗോള ടെന്‍ഡര്‍ വഴി എല്ലാ സംസ്ഥാനങ്ങള്‍ക്കും വിദേശ വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്ക് നല്‍കാനുള്ള വാക്‌സിന് രാജ്യത്ത് ക്ഷാമമുള്ളതിനാല്‍ വിദേശകമ്പനികളുമായി ധാരണയിലെത്താന്‍ വിവിധ സംസ്ഥാനങ്ങള്‍ ശ്രമിച്ചെങ്കിലും കേന്ദ്രസര്‍ക്കാരുമായി മാത്രമേ ധാരണയുണ്ടാക്കൂ എന്ന നിലപാടിലാണവര്‍. ആയതിനാല്‍ സംസ്ഥാനങ്ങളുമായി കൂടി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണം. അതോടൊപ്പം, വിദേശ രാജ്യങ്ങള്‍ അംഗീകരിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ ഔദ്യോഗിക നാമമായ ഓക്‌സ്‌ഫോര്‍ഡ് അസ്ട്ര സെനേക എന്നത് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കി പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ച കത്തില്‍ എം.പി. ആവശ്യപ്പെട്ടു.