പഴം തീനി വവ്വാല്‍ നിപ വാഹകര്‍; പഴങ്ങള്‍ കഴുകാത കഴിക്കരുതെന്ന് മുന്നറിയിപ്പ്
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, നിപ വൈറസ് അണുബാധ പഴംതീനി വവ്വാലുകള്‍ വഴിയാണ് വ്യാപിക്കുന്നത്.
ന്യൂഡല്‍ഹി: കോഴിക്കോട് ജില്ലയില്‍ 12 വയസ്സുകാരന്റെ മരണത്തോടെ സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സാനിധ്യം കാണപ്പെട്ടതോടെ മുന്നറിയിപ്പുമായി ഡല്‍ഹി എയിംസിലെ വിദഗ്ധന്‍. പഴം തീനി വവ്വാലുകളാണ് നിപ വൈറസിന്റെ ഉറവിടമെന്നും വളര്‍ത്തു മൃഗങ്ങളില്‍ നിന്നുപോലും രോഗം പകരാമെന്നും ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അശുതോഷ് ബിശ്വാസ് പറഞ്ഞു.
നിപ വൈറസ് മനുഷ്യരുടെ രക്തചംക്രമണത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, അത് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ തുടങ്ങും. ഇത് അതിവേഗം പടരുന്ന ഒന്നാണ്. അതിനാല്‍ നിപ വൈറസിനെ തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പഴംതീനി വവ്വാലുകള്‍ ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ പ്രദേശത്താണ് ജീവിക്കുന്നത്. മറ്റ് സ്ഥലങ്ങളിലേക്ക് പറന്നാല്‍ സ്വാഭാവികമായും ഈ വൈറസ് പകരാം. ഇത് വളരെ ഗുരുതരമായ രോഗമാണെന്നും ഉയര്‍ന്ന രോഗാവസ്ഥയും മരണ നിരക്കുമുള്ളതാണെന്നും ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴംതീനി വവ്വാലുകള്‍ക്ക് വളര്‍ത്തുമൃഗങ്ങളായ പന്നി, ആട്, പൂച്ച, കുതിര, മുതലായവയ്ക്ക് വൈറസ് പകരാന്‍ കഴിയുമെന്ന് മുന്‍പ് കണ്ടെത്തിയതാണ്. ഈ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്താന്‍ സാധ്യതയുണ്ട്. വീണുകിടക്കുന്ന പഴങ്ങളും മറ്റു പഴങ്ങളും കഴുകാതെ തന്നെ കഴിക്കുന്നത് വളരെ അപകടകരമായ ശീലമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, നിപ വൈറസ് അണുബാധ പഴംതീനി വവ്വാലുകള്‍ വഴിയാണ് വ്യാപിക്കുന്നത്. ഇത് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മാരകമായേക്കാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കൊപ്പം, പനി, പേശി വേദന, തലവേദന, പനി, തലകറക്കം, ഓക്കാനം എന്നിവയ്ക്കും കാരണമാകും.
ഇതിന് മുമ്പ് രാജ്യത്ത് രണ്ട് പ്രാവശ്യമാണ് നിപ വൈറസ് ബാധയുണ്ടായത്. ഒരിക്കല്‍ കേരളത്തില്‍, ഒരിക്കല്‍ പശ്ചിമ ബംഗാളില്‍. ഇതില്‍ രോഗബാധിതരില്‍ 90 ശതമാനവും മരിച്ചു. അതുകൊണ്ടാണ് നിപ വളരെ മാരകമായ രോഗമാണ് എന്ന് പറയുന്നത്. അതിനാല്‍, എങ്ങിനെയാണ് വൈറസ് പടരുന്നത് എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ് എന്നും ഡോ.ബിശ്വാസ് പറഞ്ഞു.