കൊളീജിയം ശുപാര്‍ശകള്‍ക്ക് പൂര്‍ണ അംഗീകാരം; സുപ്രിംകോടതിയില്‍ നിയമിക്കാനുള്ള 3 വനിതകളടക്കം 9 ജഡ്ജിമാരുടെ പട്ടിക രാഷ്ട്രപതിയുടെ പരിഗണനയില്‍
ന്യൂഡല്‍ഹി: സുപിംകോടതിയില്‍ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിനുവേണ്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികക്ക് പൂര്‍ണ അംഗീകാരം. ഇതോടെ കൊളീജിയം ശുപാര്‍ശ ചെയ്ത 3 വനിതകളടക്കം 9 പേര്‍ സുപ്രിംകോടതിയില്‍ ജഡ്ജമാരാവുമെന്ന് ഉറപ്പായി. അടുത്ത നടപടിയെന്ന നിലയില്‍ ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ പേരുകള്‍ അംഗീകാരത്തിനുവേണ്ടി രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ അതേപടി അംഗീകരിക്കുന്നത് ഇതാദ്യമാണ്.
രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടനെ സത്യപ്രതിജ്ഞ നടക്കും.
കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബിവി നാഗരത്‌ന, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ഓക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് എം എം സുന്ദ്രേശ്(മദ്രാസ് ഹൈക്കോടതി), സി ടി രവികുമാര്‍(കേരള ഹൈക്കോടതി), ബേല എം ത്രിവേദി(ഗുജറാത്ത് ഹൈക്കോടതി), മുതിര്‍ന്ന അഭിഭാഷകന്‍ പിഎസ് നരസിംഹ എന്നിവരാണ് ശുപാര്‍ശ ചെയ്യപ്പെട്ടവര്‍.
ഇതില്‍ ബി വി നാഗരത്‌ന ഇന്ത്യയുടെ ആദ്യത്തെ വനിതാ സുപ്രിംകോടതി ചീഫ് ജസ്റ്റിസായാവും വിരമിക്കുക.
ഒമ്പതുപേര്‍ കൂടി ജഡ്ജിമാരാകുന്നതോടെ ആകെ ജഡ്ജിമാരുടെ എണ്ണം 34 ആകും. എങ്കിലും ഒരു ഒഴിവ് കൂടി ബാക്കിയുണ്ടാകും.
22 മാസത്തിനുശേഷമാണ് സുപ്രിംകോടതിയിലേക്ക് പുതിയ ജഡ്ജിമാരെ ശുപാര്‍ശ ചെയ്യുന്നത്. കൊളീജിയത്തിലുണ്ടായിരുന്ന ജസ്റ്റിസ് നരിമാന്‍ വിരമിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് കൊളീജിയം ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തത്.