കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണം: തോമസ് ഐസകിനെതിരേ ജി സുധാകരന്‍
സാധാരണ അന്വേഷണമാണ് കെഎസ്എഫ്ഇയില്‍ നടന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിക്കും.
ആലപ്പുഴ: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെ പരസ്യമായി വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെ എതിര്‍ത്ത് മന്ത്രി ജി സുധാകരന്‍. രാഷ്ട്രീയ ശത്രുക്കളെ തിരിച്ചറിയാം. എന്നാല്‍ കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണമെന്ന് സുധാകരന്‍ പറഞ്ഞു. റെയ്ഡില്‍ ദുഷ്ടലാക്കില്ലെന്നും സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'റെയ്ഡില്‍ ദുഷ്ടലാക്കില്ല. എന്റെ വകുപ്പിലും റെയ്ഡ് നടന്നിട്ടുണ്ട്. ഞാന്‍ അതിനെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അത് മന്ത്രിമാരെ ബാധിക്കുന്നതല്ല. റെയ്ഡ് വിവരം വകുപ്പു മന്ത്രി അറിയണമെന്ന് നിര്‍ബന്ധമില്ല. മുഖ്യമന്ത്രി പറഞ്ഞതാണ് നിലപാട്. ആറ് മാസം മുമ്പ് 12 പി.ഡബ്ല്യു.ഡി ഓഫീസിലാണ് വിജിലന്‍സ് കയറിയത്. ഞാന്‍ പത്രത്തിലൂടെയാണ് അറിയുന്നത്. അതൊരു മന്ത്രിയായ എന്നെ ബാധിക്കില്ല. അഴിമതിക്കെതിരെ നടപടിയെടുക്കുന്ന ആളെന്ന നിലയില്‍ വിജിലന്‍സ് അഴിമതി കണ്ടെത്തുന്നത് തനിക്ക് സന്തോഷമേയുള്ളൂ' -സുധാകരന്‍ പറഞ്ഞു.
സാധാരണ അന്വേഷണമാണ് കെഎസ്എഫ്ഇയില്‍ നടന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിക്കും. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറന്നാല്‍ വിജിലന്‍സിനെ പിരിച്ചുവിടണമെന്നാണോ പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു.