ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ശക്തിപകരാന്‍ മുന്നില്‍ നില്‍ക്കുന്നത് കേരളം: മന്ത്രി ജി സുധാകരന്‍

കേരളം കേരളത്തിനു വേണ്ടി മാത്രമാണെന്ന് ഒരു രാഷ്ട്രീയ നേതൃത്വമോ നിയമ നിര്‍മ്മാണ സഭകളോ ഇന്നുവരെ പറഞ്ഞിട്ടില്ല. പല സംസ്ഥാനങ്ങളുടെയും സ്ഥിതി വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു.ഒരുപാട് അവഗണനകള്‍ കേന്ദ്രത്തില്‍നിന്ന് കാലാകാലങ്ങളില്‍ നമ്മള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോഴും നേരിടുന്നു

Update: 2021-01-26 06:09 GMT

ആലപ്പുഴ: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും കൂടുതല്‍ സംഭാവനകള്‍ നല്‍കാനും മുന്നില്‍ നില്‍ക്കുന്ന പാരമ്പര്യമാണ് കേരളത്തിനെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന 72 -ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്ന് വിഘടനവാദം ഒരിക്കലും ഉണ്ടായിട്ടില്ല. കേരളം കേരളത്തിനു വേണ്ടി മാത്രമാണെന്ന് ഒരു രാഷ്ട്രീയ നേതൃത്വമോ നിയമ നിര്‍മ്മാണ സഭകളോ ഇന്നുവരെ പറഞ്ഞിട്ടില്ല. പല സംസ്ഥാനങ്ങളുടെയും സ്ഥിതി വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു.ഒരുപാട് അവഗണനകള്‍ കേന്ദ്രത്തില്‍നിന്ന് കാലാകാലങ്ങളില്‍ നമ്മള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോഴും നേരിടുന്നു. പക്ഷേ നന്മകളും ഉണ്ടാവാറുണ്ട്. അവഗണനയ്‌ക്കെതിരെ ഭരണഘടന അടിസ്ഥാനമാക്കി പോരാടുകയും നന്മകള്‍ക്ക് നന്ദി പറയുകയും കേരളത്തിന്റെ പ്രാരാബ്ദങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സഹായങ്ങള്‍ തേടുകയും ചെയ്യുന്ന ഭരണഘടന രീതിയാണ് നമ്മുടെ നാട് പുലര്‍ത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഭരണഘടനയിലെ ഏറ്റവും മഹത്തായത് നാലാം ഭാഗമാണ്. ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ്. ഒരു ഭരണകൂടം പൗരന് നല്‍കേണ്ട ക്ഷേമപദ്ധതികള്‍ നടപ്പിലാക്കണമെന്ന നിബന്ധനയാണ് ഇതില്‍പ്പറയുന്നത്. ഭരണ ഘടനയുടെ നാലാം ഭാഗത്തിനാണോ മൗലികാവകാശങ്ങള്‍ക്കാണോ പ്രാധാന്യം എന്ന ചര്‍ച്ച നടന്നപ്പോള്‍ നെഹ്‌റു വ്യക്തമാക്കിയത് താന്‍ നാലാം ഭാഗത്തിനു വേണ്ടി നില്‍ക്കും എന്നാണ്. അവിടെയാണ് വിധവകള്‍,പാവപ്പെട്ട സ്ത്രീകള്‍, കുഞ്ഞുങ്ങള്‍, പട്ടിണികിടക്കുന്നവര്‍, തൊഴില്‍രഹിതര്‍, പരമ്പരാഗത തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍, ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഒന്നുമില്ലാത്തവര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികളെക്കുറിച്ചെല്ലാം പറയുന്നത്. ഇതൊന്നുമില്ലാതെ മൗലികാവകാശങ്ങള്‍ കൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. സ്വത്ത് ഇല്ലാത്തവന് സ്വത്ത് മൗലികാവകാശമാക്കി എഴുതിവച്ചിട്ട് എന്ത് കാര്യമെന്നും മന്ത്രി ചോദിച്ചു.

കേരളം എല്ലാ ജനവിഭാഗങ്ങള്‍ക്കും ക്ഷേമ പെന്‍ഷന്‍ കൊടുക്കുന്നതും അത് കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കുന്നതും ഭരണഘടനയുടെ ഈ മൂല്യങ്ങള്‍ക്കനുസരിച്ചാണ്. സൗജന്യ ഭക്ഷണം നല്‍കുന്നതും സൗജന്യ ഭക്ഷ്യ സാമഗ്രികള്‍ നല്‍കുന്നതും റിപ്പബ്ലിക്കിന്റെ അടിസ്ഥാന ചുമതലകള്‍ മനസിലാക്കിയിട്ടാണ്.അഴിമതിയ്‌ക്കെതിരേയുള്ള പോരാട്ടവും വര്‍ഗീയതക്കെതിരെയുള്ള സന്ധിയില്ലാസമരവും വികസനവും നമ്മള്‍ സുപ്രധാനമായി കാണുന്നു. രാജ്യം ഒരുമിച്ചു നില്‍ക്കുന്നത് എല്ലാ മതങ്ങള്‍ക്കും എല്ലാ ജാതികള്‍ക്കും അവരവര്‍ക്ക് ലഭിക്കേണ്ട പ്രാധാന്യം ഭരണഘടന നല്‍കിയിട്ടുള്ളതു കൊണ്ടാണ് എന്ന് തിരിച്ചറിയണം. ഭരണഘടനയില്‍ പറയുന്ന സാമൂഹ്യനീതി, സാര്‍വ്വജന ക്ഷേമം എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് കേരളം ശ്രമിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ആലപ്പുഴ ബൈപ്പാസ് 28ന് ഉദ്ഘാടനം ചെയ്യുന്നു. അമ്പതു വര്‍ഷത്തെ സ്വപ്‌നമാണ് പൂവണിയുന്നത്. എല്ലാവര്‍ക്കും അതില്‍ അഭിമാനിക്കാം. ദേശീയപാത എല്ലാം ആറുവരിയാക്കാനുള്ള നടിപടികള്‍ കാസര്‍ഗോഡ് ആരംഭിച്ചു.ആരോഗ്യരംഗത്ത് വലിയ മാറ്റമാണുണ്ടായത്. കൊവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളം ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നു. കോവിഡിനെതിരെയുള്ള പോരാട്ടം അതിന്റെ അന്ത്യം കാണുന്നതുവരെ തുടരണമെന്നാണ് ഈ റിപ്പബ്ലിക് ദിനത്തില്‍ നമ്മള്‍ ഉറപ്പാക്കേണ്ടത്. വര്‍ഗീയതയെ ഭീഷണിയായി വളരാന്‍ അനുവദിക്കാതിരിക്കുക, അഴിമതി പൂര്‍ണ്ണമായി തുടച്ചുനീക്കുക, രാജ്യത്തിന്റെ ഐക്യവും പരമാധികാരവും സംരക്ഷിക്കാന്‍ കേരളത്തിന്റെ നിര്‍ണായകമായ ചുവടുവെപ്പുകള്‍ തുടരുക എന്നിവയില്‍ കേരളം ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

72 വര്‍ഷം സംഭവബഹുലവും പ്രതിസന്ധികള്‍ നിറഞ്ഞതുമായ കാലഘട്ടങ്ങളിലൂടെ നിര്‍ഭയമായി കടന്നുവന്ന് ലോകരാജ്യങ്ങളുടെ മുന്നില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുകയാണ് ഭാരതം. അത് ഒരു ദിവസത്തെ നേട്ടമല്ല. ഭാരതീയ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും അഖണ്ഡതാ ബോധത്തിന്റെയും സംസ്‌കാരത്തിന്റെയും സാര്‍വദേശീയ ബോധത്തിന്റെയും സൃഷ്ടിയാണത്. ആയിരക്കണക്കിനു വര്‍ഷത്തെ ഇന്ത്യയുടെ സംസ്‌കാരം അതിന് പിന്നിലുണ്ട്. ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങളും രാജ്യങ്ങളും യുദ്ധക്കെടുതികളില്‍ മുങ്ങി നിന്നപ്പോള്‍ ഭാരതം ലോകത്തിനു വെളിച്ചം കാണിച്ചു. യൂറോപ്പിന്റെ പാപത്തിനു പരിഹാരം ഇന്ത്യയാണ് എന്നാണ് വിശ്വപ്രസിദ്ധനായ എഴുത്തുകാരന്‍ ടി എസ് എലിയറ്റ് തന്റെ കവിതയിലൂടെ പറഞ്ഞത്. അധ്വാനശീലരായ കൃഷിക്കാരും തൊഴിലാളികളും വിദ്യാസമ്പന്നരായ ബുദ്ധിജീവികളും ഇന്ത്യയുടെ ഭവനങ്ങളില്‍ പ്രതിഫലം പ്രതീക്ഷിക്കാതെ സ്‌നേഹം പ്രതീക്ഷിച്ച് പണിയെടുക്കുന്ന കോടാനുകോടി വീട്ടമ്മമാരും ചേര്‍ന്നാണ് ഈ നാടിന്റെ പുരോഗതി സാധ്യമാക്കിയത്.

ഇന്ത്യയില്‍ ആര് അധികാരത്തില്‍ വന്നാലും ഈ പുരോഗതിയെ പരിപോഷിപ്പിക്കുകയല്ലാതെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവര്‍ തിരിച്ചടി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.പ്രൗഡമായ അന്തരീക്ഷത്തിലായിരുന്നു 72 -ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ ആഘോഷിച്ചത്. രാവിലെ എട്ടരയോടെ പോലിസ് അകമ്പടിയോടെ മൈതാനിയില്‍ എത്തിയ മന്ത്രിയെ ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടറും ജില്ലാ പോലിസ് മേധാവി പി എസ് സാബുവും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേക വേദിയില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തി. എ എം ആരിഫ് എം പി, ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, സബ് കലക്ടര്‍ എസ് ഇലക്യ, മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി എം ഹുസൈന്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഷാനവാസ്, കൗണ്‍സിലര്‍മാരായ റീഗോ രാജു, പ്രേം ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News