തിരുവനന്തപുരം: മേല്‍കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കിയതോടെ ബ്രാഞ്ചിലേക്ക് മാറണമെന്ന് താല്‍പര്യം അറിയിച്ച ജി സുധാകരന് ഘടകം നിശ്ചയിച്ചു. മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന നേതാവുമായിരുന്ന ജി സുധാകരന്‍ ഇനി ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചില്‍ അംഗമായി തുടരും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ജി സുധാകരന്റെ ഘടകം നിശ്ചയിച്ചത്. തന്നെ ബ്രാഞ്ചിലേക്ക് മാറ്റണമെന്ന് നേരത്തെ തന്നെ സുധാകരന്‍ സംസ്ഥാന- ജില്ലാ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
പ്രായപരിധി കര്‍ശനമാക്കിയതോടെയാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ജി സുധാകരന്‍ ഒഴിവായത്. ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നടക്കം ജി സുധാകരന്‍ വിട്ടുനിന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് നല്‍കിയ കത്ത് പ്രകാരം പാര്‍ട്ടി ആവശ്യം അംഗീകരിച്ചു. സുധാകരന് പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ മഹേന്ദ്രനെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി ഉള്‍പ്പെടുത്തി.
സിപിഎം സമ്മേളന കാലത്ത് ജില്ലയിലാകെ വിഭാഗീയത രൂക്ഷമായിരുന്നു. ഏരിയാ സമ്മേളനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം വരെ ഉണ്ടായി. മറ്റു ജില്ലകളില്‍ കെട്ടടങ്ങിയ വിഭാഗീയത എന്തുകൊണ്ട് ആലപ്പുഴയില്‍ ഇപ്പോഴും തുടരുന്നുവെന്ന് പരിശോധിക്കാന്‍, പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും. നവമാധ്യമങ്ങളിലൂടെ കായംകുളം എംഎല്‍എ യു പ്രതിഭ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. ഇതും ജില്ലയില്‍ പാര്‍ട്ടിക്ക് തലവേദനയാണ്.