ജി സുധാകരന് പരസ്യശാസന; അമ്പലപ്പുഴ തിരഞ്ഞെടുപ്പ് വീഴ്ചയില്‍ നടപടിയെടുത്ത് പാര്‍ട്ടി
അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന് വീഴ്ചയുണ്ടായെന്നാണ് പാര്‍ട്ടി രണ്ടംഗ സമിതിയുടെ റിപോര്‍ട്ട്.
തിരുവനന്തപുരം: അമ്പലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുതിര്‍ന്ന നേതാവ് ജി സുധാകരന് വീഴച പറ്റിയെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് സിപിഎം നടപടി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ ജി സുധാകരന് പരസ്യശാസനയാണ് പാര്‍ട്ടി നടപടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ നിലപാട് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
സിപിഎം വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞത്,
'നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും, തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല ജി സുധാകരന്‍ പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തി. ഇതിന്റെ പേരില്‍ തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു'.
പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ സംസ്ഥാന സമിതിയോഗത്തില്‍ സന്നിഹിതരായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചെന്ന് സിപിഎം രണ്ടംഗ സമിതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ തിരഞ്ഞെടുപ്പ് അവലോകന റിപോര്‍ട്ട് അവതരിപ്പിച്ചു.
ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച് സലാമിന്റെ വിജയത്തിനായി പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ചയുണ്ടായെന്നാണ് റിപോര്‍ട്ട്. എളമരം കരീമും കെജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്റേതാണ് റിപോര്‍ട്ട്.
അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ ജി സുധാകരന്‍ തയ്യാറെടുത്തെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സുധാകരന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം. മണ്ഡലം കമ്മിറ്റി സാമ്പത്തികമായി പ്രയാസത്തിലായപ്പോഴും മുതിര്‍ന്ന നേതാവും സിറ്റിങ് എംഎല്‍എയുമായിരുന്ന ജി സുധാകരന്‍ സഹായം നല്‍കിയില്ല. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരെ ഉയര്‍ന്ന പോസ്റ്റര്‍ പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രതിരോധിക്കാന്‍ സുധാകരന്‍ ഇറങ്ങാതിരുന്നതും പാര്‍ട്ടി അന്വേഷണത്തില്‍ എതിരായി.
ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ജി സുധാകരനെതിരേ പാര്‍ട്ടി നടപടിയെടുത്തത്. എന്നാല്‍, പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് തരം താഴത്ത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടിയുണ്ടായിട്ടില്ല. രണ്ട് പ്രാവശ്യം മന്ത്രിയായിരുന്ന, സംസ്ഥാന സമിതിയംഗമായ ജി സുധാകരനെതിരേയുള്ള നടപടി, പാര്‍ട്ടി സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ചയാകാനുള്ള സാധ്യതയുണ്ട്.