ഗാന്ധികുടുംബം അസമിലെത്തുന്നത് നാടുകാണാനും ഫോട്ടോയെടുക്കാനും; കോണ്‍ഗ്രസ്സിനെതിരേ പരിഹാസവുമായി അമിത് ഷാ
കരിംഗഞ്ച്: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സോണിയാ ഗാന്ധിയുടെ മക്കള്‍ അസമിലെത്തുന്നത് വിനോദസഞ്ചാരത്തിനും ഫോട്ടോഷൂട്ടിനുമാണെന്നും അമിത് ഷാ പരിഹസിച്ചു.
പ്രിയങ്കാ ഗാന്ധി പറിച്ച തേയില വളര്‍ന്നു പാകമായതല്ല. അവരത് ഫോട്ടോയെടുക്കാനായി പറിച്ചെടുത്തതാണ്- അസമിലെ കരിംഗഞ്ചില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
''നാനാത്വത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയുടെ സംസ്‌കാരം. അതാണ് നമ്മുടെ സംസ്‌കാരത്തെ ശക്തമാക്കുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ രണ്ട് മക്കള്‍ അസമിലെത്തുന്നത് വിനോദയാത്രക്കാണ്. ആ തേയിലച്ചെടികള്‍ പാകമായിരുന്നില്ല. പ്രിയങ്കാഗാന്ധി അത് ഫോട്ടോയെടുക്കാന്‍ പറിച്ചെടുത്തതായിരുന്നു''- അമിത് ഷാ പറഞ്ഞു.
ബദ്രുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് മുന്നണിയെയും അമിത് ഷാ പരിഹസിച്ചു.
ബദ്രുദ്ദീന്‍ അജ്മല്‍ അസമിന്റെ മുഖമാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ബദ്രുദ്ദീന്‍ അജ്മല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ വിദേശികള്‍ വീണ്ടും രാജ്യത്ത് നുഴഞ്ഞുകയറുമെന്ന് അമിത് ഷാ ആരോപിച്ചു.
അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്കയുടെ തേയിലത്തൊഴിലാളികളുമൊത്തുളള ഫോട്ടോ വന്‍തോതില്‍ ചര്‍ച്ചയായിരുന്നു.