കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധികുടുംബത്തില്‍ നിന്നായിരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹനുമന്തറാവു

Update: 2022-09-02 07:04 GMT

ഹൈദരാബാദ്: കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി അധ്യക്ഷന്‍ ഗാന്ധി കുടുംബാംഗമായിരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ വി ഹനുമന്ത റാവു. പാര്‍ട്ടി അധ്യക്ഷതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹം മനസ്സുതുറന്നത്.

'ആളുകള്‍ക്ക് ഗാന്ധികുടുംബത്തെ പരിചയമുണ്ട്, അത് സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ആകാം. രാഹുല്‍ ഗാന്ധി നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുക്കണമെന്ന് രാജ്യത്തുടനീളമുള്ള എല്ലാ പ്രതിനിധികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'- കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു പറഞ്ഞു.

കോണ്‍ഗ്രസ്സില്‍നിന്ന് രാജിവച്ചു പുറത്തുപോയ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

'ഈ തിരഞ്ഞെടുപ്പ് വഞ്ചനയാണെന്ന് ഗുലാം നബി പറയുന്നു. അദ്ദേഹവും പ്രസിഡന്റായിരുന്നു. ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്, ഇത്തരമൊരു അവസരം എനിക്കും ലഭിച്ചു. പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ ഗുലാംനബി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടത്തുമെന്ന് ഞായറാഴ്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഒക്‌ടോബര്‍ 19നാണ് വോട്ടെണ്ണല്‍.

കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ ഷെഡ്യൂള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം ആഗസ്റ്റ് 28 നാണ് ചേര്‍ന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ വെര്‍ച്വല്‍ മീറ്റിംഗിലൂടെ യോഗം ചേര്‍ന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ആഗസ്റ്റ് 26ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് രാജിവെച്ച പശ്ചാത്തലത്തിലായിരുന്നു യോഗം ചേര്‍ന്നത്.

Tags:    

Similar News