യുവാക്കള്‍ക്കിടയിലെ കുടിപ്പക; തിരുവനന്തപുരത്ത് വീടുകയറി ആക്രമണം; 14 പേര്‍ അറസ്റ്റില്‍
സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയാണ് വീട്ടില്‍ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന തരത്തിലേക്ക് നീങ്ങിയത്. ആക്രമണവുമായി ബന്ധപ്പെട്ട് 14 പേരെ പോലിസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: യുവാക്കള്‍ക്കിടയിലെ കുടിപ്പകയെതുടര്‍ന്ന് തിരുവനന്തപുരത്ത് വീടുകയറി ആക്രമണം. ആറ്റിങ്ങല്‍ വെള്ളല്ലൂരിലാണ് സംഭവം. രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു അതിക്രമം. സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയാണ് വീട്ടില്‍ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന തരത്തിലേക്ക് നീങ്ങിയത്. ആക്രമണവുമായി ബന്ധപ്പെട്ട് 14 പേരെ പോലിസ് അറസ്റ്റ് ചെയ്തു.
നഗരൂര്‍ സ്വദേശികളായ സൂരജും വിഷ്ണും തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയുണ്ട്. ഇവര്‍ തമ്മില്‍ നേരത്തെ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് വിഷ്ണുവും സുഹൃത്ത് ലതീഷുമായി സൂരജിന്റെ സുഹൃത്തായ അഫ്‌സലിന്റെ വീടിന് മുന്നിലൂടെ ബൈക്കില്‍ പോവുകയായിരുന്നു. സൂരജും അപ്പോള്‍ ഈ വീട്ടിലുണ്ടായിരുന്നു. സൂരജും അഫ്‌സലും ചേര്‍ന്ന് വിഷ്ണുവിനോട് തട്ടികയറിയും ഒടുവില്‍ കൈയാങ്കളിലെത്തുകയും ചെയ്തു. മര്‍ദ്ദനത്തില്‍ വിഷ്ണുവിന് സാരമായി പരിക്കേറ്റു. വിഷ്ണുവിനെ മര്‍ദ്ദിക്കുന്നതായി അറിഞ്ഞ് എട്ട് സുഹൃത്തുക്കള്‍ സ്ഥലത്തെത്തി.
വിഷ്ണുവിന്റെ സുഹൃത്തുക്കളെത്തിയപ്പോള്‍ അഫ്‌സലും സൂരജും വീട്ടിലേക്ക് ഓടികയറി. അക്രമി സംഘം വീട്ടില്‍ കയറി സൂരജിനെയും അഫ്‌സലിനെയും അടിച്ചു. അതിനിടെ വീട്ടിലുണ്ടായിരുന്നു സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു. രണ്ട് സംഭവങ്ങളിലുമായി 14 പേരെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. കൂട്ടത്തല്ലില്‍ പ്രതികള്‍ക്കെല്ലാം പരിക്കുകളുണ്ട്.