ഗ്യാസ് ടാങ്കര്‍ ലോറി അപകടം: പയ്യന്നൂര്‍- പിലാത്തറ റൂട്ടില്‍ ഗതാഗത നിയന്ത്രണം
കണ്ണൂര്‍: പിലാത്തറയ്ക്ക് സമീപം ഏഴിലോട് ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞതിനെത്തുടര്‍ന്ന് പയ്യന്നൂര്‍- പിലാത്തറ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്യാസ് റീഫില്‍ ചെയ്തു ടാങ്കര്‍ മാറ്റി നിയന്ത്രണം ഒഴിവാക്കാന്‍ ഉച്ച വരെ സമയം വേണ്ടിവരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തളിപ്പറമ്പ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ പിലാത്തറയില്‍ നിന്നും മാതമംഗലം മാത്തില്‍ വഴി പോവണം.
വളപട്ടണം, കണ്ണപുരം ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ പഴയങ്ങാടി- വെങ്ങര- മുട്ടം- പാലക്കോട്- രാമന്തളി- പയ്യന്നൂര്‍ വഴി തിരിച്ചുവിടാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കാസര്‍കോട്, പയ്യന്നൂര്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ എടാട്ട്- കൊവ്വപ്പുറം- ഹനുമാരമ്പലം- കെഎസ്ടിപി റോഡ് വഴി പോവാനും സംവിധനമാക്കിയിട്ടുണ്ട്. ഏഴിലോട് ദേശീയ പാതയില്‍ ഇന്നലെ മറിഞ്ഞ ഗ്യാസ് ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് ടാങ്കറുകളില്‍ റീഫില്‍ ചെയ്യാന്‍ വേണ്ടിയാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്. ഗ്യാസ് ലീക്കേജില്ലെന്നും പൊതുജനങ്ങള്‍ പരിഭ്രാന്തരാവേണ്ടെന്നും അധികാരികള്‍ അറിയിച്ചു.