സ്ത്രീ പുരുഷ സമത്വം: സാസ്‌കാരിക വകുപ്പിന്റെ സമം പദ്ധതി ഡിസംബറില്‍

Update: 2021-11-18 09:10 GMT

തിരുവനന്തപുരം: സ്ത്രീ പുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സാസ്‌കാരിക വകുപ്പ് ഒരുക്കുന്ന 'സമം' പദ്ധതിയുടെ ജില്ലാതല സംഘാടകസമിതിയോഗം ചേര്‍ന്നു. സാംസ്‌കാരിക വകുപ്പ്, ജില്ലാതല സംഘാടക സമിതിയില്‍ ഉള്‍പ്പെട്ട എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി രൂപീകരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം അധ്യക്ഷത വഹിച്ച യോഗത്തില്‍ കലാ, കായിക, സാംസ്‌കാരിക രംഗങ്ങളിലുള്‍പ്പെടെ ജില്ലയില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ആദരിക്കപ്പെടേണ്ട വനിതകളെ കണ്ടെത്താന്‍ സബ് കമ്മറ്റിയെ ചുമതലപ്പെടുത്തി. പഞ്ചായത്ത്മുനിസിപ്പാലിറ്റികോര്‍പ്പറേഷന്‍ വാര്‍ഡ് തലങ്ങളിലാണ് സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബറില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.

സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്‍, മലയാളം മിഷന്‍, കേരള ചലച്ചിത്ര അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ സഹകരണത്തോടെ കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് ജില്ലയിലെ പദ്ധതിയുടെ നടത്തിപ്പ് ചുമതല.

സെമിനാറുകള്‍, ഡോക്യുമെന്റേഷന്‍, നാടകം, പെണ്‍ കവിയരങ്ങുകള്‍, സ്ത്രീപക്ഷ നിയമ ബോധവത്കരണം, വനിതാ ചിത്രകലാ ക്യാമ്പ്, ചിത്രകല കളരി, പുസ്തക ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി 23ഓളം പരിപാടികള്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍, കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എന്‍. മായ, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ എ.എം അന്‍സാരി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ ബി. ഷീജ, ഫെല്ലോഷിപ് കലാകാരന്മാര്‍, കോഡിനേറ്റര്‍മാര്‍, യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു. 

Tags:    

Similar News