സമരത്തില്‍ നിന്ന് പിന്മാറണം; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്പിക്കില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി
വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായെന്നും മന്ത്രി
തിരുവനന്തപുരം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തില്‍ നിന്ന് പിന്തിരിയണം. സര്‍ക്കാര്‍ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തതാണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന നിര്‍ദേശത്തിനെതിരെ മുസ്‌ലിം ലീഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ ലീഗ് നേതാവ് ഡോ. എംകെ മുനീര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.
ലിംഗസമത്വമെന്ന പേരില്‍ സ്‌കൂളുകളില്‍ മതനിഷേധത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു ഡോ. എംകെ മുനീറിന്റെ ആരോപണം. പെണ്‍കുട്ടികളെ പാന്റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണ്. പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേ? ലിംഗസമത്വമല്ല, ലിംഗനീതിയാണ് വേണ്ടതെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി ധരിക്കുമോയെന്നും മുനീര്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിനെതിരെ മുനീറിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നപ്പോള്‍ സമസ്ത നേതാക്കളടക്കം പരസ്യ പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടക്കമുളള വിഷയത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കാനാണ് സമസ്തയുടെ തീരുമാനം. കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന രീതിയാലാകും പ്രചാരണം. ഇതിനായി ഖതീബുമാര്‍ക്ക് പ്രത്യേക പഠന ക്‌ളാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
വിദ്യാലയങ്ങളിലെ ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയത്തില്‍ സമുദായത്തെ ബോധവല്‍ക്കരിക്കാന്‍ മുസ്‌ലിം ലീഗ് കോഴിക്കോട് വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കാനും തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം വരും മുമ്പ് പള്ളികളിലൂടെ വിശ്വാസികളെ ബോധവത്കരിക്കാനുള്ള നടപടികളിലേക്ക് സമസ്ത കടക്കുകയാണ്. വെള്ളിയാഴ്ച ജുമു ആ നിസ്‌കാരത്തിനു ശേഷം നടക്കുന്ന പ്രഭാഷണത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയം സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കും.
പ്രഭാഷകര്‍ക്ക് വേണ്ടി ഈ മാസം 24ന് പഠനക്ലാസും സംഘടിപ്പിക്കുന്നുണ്ട്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പുതുതലമുറയെ സ്വതന്ത്ര ചിന്തയിലേക്ക് കൊണ്ടു പോകാന്‍ ബോധപൂര്‍വ്വ ശ്രമം നടത്തുന്നുണ്ടെന്നാണ് സമസ്തയുടെ ആക്ഷേപം. ക്യാമ്പസുകളില്‍ എസ്എഫ്‌ഐ ഇതിനുള്ള ശ്രമം നേരത്തെ നടത്തിയിട്ടുണ്ടെന്നും സമസ്ത ആരോപിക്കുന്നു.
മുസ്‌ലിം സംഘടനകള്‍ക്കു പുറമേ ഹിന്ദു, ക്രിസ്ത്യന്‍ സംഘടനകളുമായും ഈ വിഷയത്തില്‍ യോജിച്ച പോരാട്ടത്തിനായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് സമസ്ത. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന കാന്തപുരം വിഭാഗവും ഈ വിഷയത്തില്‍ ആശങ്ക അറിച്ചിട്ടുണ്ട്. വിവിധ മുജാഹിദ് സംഘടനകളും സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.