ജോര്‍ജ് വാഷിംങ്ടണ്‍ യൂനിവേഴ്‌സിറ്റി തിരഞ്ഞെടുത്ത മികച്ച പ്രബന്ധം ഡോ.ആയിഷയുടേത്
കോഴിക്കോട്:തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ നിന്നും മാസ്റ്റര്‍ ഇന്‍ എമര്‍ജന്‍സി മെഡിസിന്‍ പൂര്‍ത്തിയാക്കിയ ഡോ ആയിഷയുടെ വിജയത്തിന് ഇരട്ടിമധുരം. മെഡിക്കല്‍ കോളജില്‍ നിന്നും എമര്‍ജന്‍സി ഫിസിഷ്യനായി പുറത്തിറങ്ങുന്ന ഡോ.ആയിഷയുടെ പ്രബന്ധം വര്‍ഷത്തെ ഏറ്റവും മികച്ചതായി ജോര്‍ജ് വാഷിംങ്ടണ്‍ യൂനിവേഴ്‌സിറ്റി തിരഞ്ഞെടുത്തു.
കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ലക്ഷണങ്ങളുമായി വരുന്ന രോഗികളെ പരിശോധിക്കുവാനും നിരീക്ഷിക്കുവാനും, ചികില്‍സിക്കുവാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായിട്ടുണ്ടായിരുന്നില്ല. കൊവിഡ് രോഗിക്ക് കിടത്തി ചികില്‍സ,ഓക്‌സിജന്‍,ഐസിയു തുടങ്ങിയവയുടെ ലഭ്യത കുറവ് മൂലം ചികില്‍സ മേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. പ്രസ്തുത വിഷയങ്ങള്‍ മനസിലാക്കുകയും ജനങ്ങള്‍ക്ക് കൃത്യമായ ചികില്‍സ നല്‍കുവാനും വേണ്ടി ഡോ ആയിഷ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുകയും നിരീക്ഷിക്കുകയും തുടര്‍ന്ന് രോഗികളില്‍ പരീക്ഷിക്കുവാന്‍ വേണ്ടി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളുമാണ് പിന്നീട് പ്രബന്ധമായി സ്ഥാപനത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്.
തുടര്‍ന്നുള്ള ചികില്‍സയില്‍ അനാവശ്യമായി കിടത്തി ചികില്‌സയും, ഐസിയു അഡ്മിഷനും, ആശങ്കയും രോഗികളില്‍ നിന്നും അകറ്റുവാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. ഡോ ആയിഷയുടെ നേതൃത്വത്തില്‍ മുന്നൂറോളം വരുന്ന ജീവനക്കാര്‍ക്ക് നാല് മാസം നീണ്ടു നില്‍ക്കുന്ന പരിശീലനങ്ങളും കൃത്യമായ നിര്‍ദ്ദേശങ്ങളും നല്‍കിയത് വഴി ചികില്‍സയില്‍ വലിയ മാറ്റങ്ങള്‍ സ്ഥാപനത്തില്‍ വരുത്തുവാന്‍ സാധിച്ചു.പ്രസ്തുത പ്രബന്ധമാണ് ജോര്‍ജ് വാഷിംങ്ടണ്‍ യൂനിവേഴ്‌സിറ്റി 2021-22ലെ മികച്ച പ്രബന്ധമായി തിരഞ്ഞെടുക്കപ്പെട്ടത്.
എറണാകുളം കോതമംഗലം സ്വദേശിയും വ്യവസായിയുമായ ഷജല്‍ മുഹമ്മദിന്റെ ഭാര്യയാണ് ആയിഷ. കോഴിക്കോട് കൊടിയത്തൂര്‍ പ്രദേശത്തെ ദമ്പതികളായ മുന്‍ പ്രവാസി വ്യവസായി അരിമ്പ്ര പുതുശ്ശേരി അബ്ദുല്‍ മജീദിന്റെയും പുരയില്‍ സക്കീനയുടെയും മകളാണ്. ഹെസ്സ ഹാനിയ മകളാണ്.
ചൈന ത്രീ ഗോര്‍ജസ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ആയിഷ ചേന്നമംഗല്ലൂര്‍ എച്ച്എസ്എസ്, പിടിഎം എച്ച് എസ് കൊടിയത്തൂര്‍ എന്നീ സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ഥിനിയാണ്.
ഡോ ആയിഷയുടെ പ്രബന്ധം ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഉടനെ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ പഠിക്കുവാനും മികച്ച ചികില്‍സ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാനും നേട്ടം പ്രചോദനമായി എന്ന് ഡോ ആയിഷ പ്രതികരിച്ചു. അരീക്കോട്ട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലില്‍ ജൂലൈ 20 മുതല്‍ എമര്‍ജന്‍സി ഫിസിഷ്യനായി ഡോ ആയിഷ ഉണ്ടാവും.