സൗദിയില്‍ തെരുവു വിളക്കില്‍ നിന്നും ഷോക്കേറ്റ് ബാലികയുടെ മരണം; ഉദ്യോഗസ്ഥര്‍ക്ക് തടവ്

ബാലികയുടെ ബന്ധുക്കള്‍ക്ക് മജാരിദ ബലദിയ ഒന്നര ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അടുത്തിടെ കോടതി വിധിച്ചിരുന്നു.

Update: 2021-04-07 14:56 GMT
അബഹ: മജാരിദയിലെ പൊതുപാര്‍ക്കില്‍ വെച്ച് തെരുവ് വിളക്കു കാലില്‍ നിന്ന് ഷോക്കേറ്റ് ഒമ്പതു വയസുകാരി മരണപ്പെട്ട കേസില്‍ നാല് ഉദ്യോഗസ്ഥരെ അബഹ ക്രിമിനല്‍ കോടതി തടവിന് ശിക്ഷിച്ചു. രണ്ടര വര്‍ഷം മുമ്പാണ് ജിനാ അല്‍ശഹ്‌രി എന്ന സൗദി ബാലിക ഷോക്കേറ്റ് മരിച്ചത്. നഗരസഭാ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തുന്നതില്‍ വരുത്തിയ വീഴ്ചയും അശ്രദ്ധയുമാണ് ഷോക്കേല്‍ക്കാന്‍ കാരണമായതെന്ന് കോടതി പറഞ്ഞു.


പൊതുഅവകാശ കേസില്‍ നാലു ഉദ്യോഗസ്ഥരെയും രണ്ടു മാസം വീതം തടവിനാണ് കോടതി ശിക്ഷിച്ചത്. അന്വേഷണ വിധേയമായി കസ്റ്റഡിയില്‍ കഴിഞ്ഞ കാലം ശിക്ഷാ കാലയളവായി പരിഗണിക്കാനും കോടതി ഉത്തരവിട്ടു. സ്വകാര്യ അവകാശ കേസില്‍ നാലു ഉദ്യോഗസ്ഥരെയും രണ്ടു മാസം വീതം തടവിനു കൂടി കോടതി ശിക്ഷിച്ചു. ബാലികയുടെ ബന്ധുക്കള്‍ക്ക് മജാരിദ ബലദിയ ഒന്നര ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അടുത്തിടെ കോടതി വിധിച്ചിരുന്നു.


ബാലിക ഷോക്കേറ്റ് മരണപ്പെട്ടയുടന്‍ പട്രോള്‍ പോലീസും സിവില്‍ ഡിഫന്‍സും നഗരസഭാ പ്രതിനിധിയും തെരുവു വിളക്കു കാല്‍ പരിശോധിച്ചിരുന്നു. സമാന അപകട സാധ്യതയുള്ള ആറു തെരുവു വിളക്കു കാലുകള്‍ പ്രദേശത്തുള്ളതായി പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് അല്‍ഫന്‍ റോഡിലെ മുഴുവന്‍ തെരുവു വിളക്കു കാലുകളിലേക്കുമുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഷോക്കേറ്റാണ് ബാലിക മരിച്ചതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും വ്യക്തമാക്കി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ അല്‍മജാരിദ ബലദിയ മേധാവിയെയും സേവന വിഭാഗം മേധാവിയെയും നഗരസഭയിലെ വൈദ്യുതി വിഭാഗം മേധാവിയെയും അന്ന് പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.




Tags:    

Similar News