'പെണ്‍കുട്ടികളുടെ ഹിജാബ് ഊരിമാറ്റിയത് യൂനിഫോമിന്റെ പേരിലെങ്കില്‍ അധ്യാപികമാരുടേതോ': കര്‍ണാടക സര്‍ക്കാരിന്റേത് ദുരുദ്ദേശ്യമെന്ന് എന്‍സിപി നേതാവ്
ന്യൂഡല്‍ഹി; കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍ ദുരുദ്ദേശ്യത്തോടെയാണെന്ന് എന്‍സിപി നേതാവ് മജീദ് മേമന്‍. യൂനിഫോമിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളുടെ ഹിജാബ് അഴിപ്പിച്ചതെങ്കില്‍ യൂനിഫോമില്ലാത്ത അധ്യാപികമാരുടെ ഹിജാബ് എന്തിനാണ് ഊരിമാറ്റിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
'കര്‍ണ്ണാടകയിലെ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിലുള്ള എതിര്‍പ്പ് യൂണിഫോമിന്റേ പേരിലാണെന്ന വാദം അംഗീകരിക്കാം. എന്നാല്‍ അധ്യാപികമാര്‍ ഹിജാബ് ധരിക്കുന്നതിലുള്ള എതിര്‍പ്പ് ഇതിന്റെ പിന്നിലെ ദുരുദ്ദേശ്യത്തെ തുറന്നുകാട്ടുന്നു'- മജീദ് മേമന്‍ പറഞ്ഞു.
സ്‌കൂളിന്റെ ഗേറ്റിന് പുറത്ത് വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതായി കാണിക്കുന്ന ഒന്നിലധികം വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എന്‍സിപി നേതാവിന്റെ പ്രതികരണം.
ഹിജാബുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ ഹരജിയില്‍ ഹൈക്കോടതി ഇന്നും വാദം കേട്ടു. ഇനിയൊരു ഉത്തരവുണ്ടാകും വരെ മതപരമായ വസ്ത്രങ്ങളുമായി വിദ്യാര്‍ത്ഥികള്‍ എത്തരുതെന്നായിരുന്നു ഹൈക്കോടതിയുടെ കഴിഞ്ഞ ആഴ്ചയിലെ നിര്‍ദേശം. അതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ ഇന്നലെയും ഇന്നും കുട്ടികളെ സ്‌കൂള്‍ ഗേറ്റുകളില്‍ തടഞ്ഞുനിര്‍ത്തി തട്ടം അഴിച്ചുമാറ്റിയിരുന്നു. ചിലര്‍ തട്ടം ഊരാന്‍ തയ്യാറാവുകയും ചില കുട്ടികള്‍ തിരിച്ചുപോവുകയും ചെയ്തു.