ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഗോവ പ്രതിപക്ഷനേതാവ്

Update: 2021-05-14 18:46 GMT

മര്‍ഗോവ: ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച കൊവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഗോവ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് ആവശ്യപ്പെട്ടു.

കഴിഞ്ഞ 15-20 ദിവസങ്ങളിലായി ഓക്‌സിജന്റെ അഭാവം മൂലം എഴുപതോളം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്ന് വെള്ളിയാഴ്ച മാത്രം 13 പേര്‍ ഇതേപോലെ മരിച്ചിരുന്നു.

ഡോ. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ഗോവ സര്‍ക്കാര്‍ നിരുത്തരവാദപരമായ രീതിയിലാണ് ഭരണം നടത്തുന്നതെന്ന് കാമത്ത് കുറ്റപ്പെടുത്തി. ഗോവ സര്‍ക്കാര്‍ മരണങ്ങളില്‍ അനുശോചിക്കുകപോലും ചെയ്തില്ല. ജാഗ്രതയും സൂക്ഷ്മതയുമില്ലാതെ നിരപരാധികളായ കൊവിഡ് രോഗികളെ സര്‍ക്കാര്‍ അക്ഷരാത്ഥത്തില്‍ കൊല്ലുകയാണ് ചെയ്തത്. ചുരുങ്ങിയ പക്ഷം തങ്ങളുടെ വീഴ്ചകളെ സര്‍ക്കാര്‍ അംഗീകരിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗോവയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച രാഹുലില്‍ നിന്ന് ബിജെപി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെയ് 11ന് ഗോവ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച 26 പേര്‍ ഓക്‌സിജന്‍ ഇല്ലാതെ മരിച്ചെന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയാണ് അറിയിച്ചത്. പിന്നീട് ഇതേ രീതിയില്‍ പലരും മരിച്ചു. ഇതുവരെ 74 പേരാണ് ഓക്‌സിന്‍ ലഭിക്കാതെ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News