പനാജി: കൊവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചുപൂട്ടിയ ഗോവ ജൂലൈ 2 മുതല്‍ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. ടൂറിസം വകുപ്പ് മന്ത്രി മനോഹര്‍ അജ്ഗാവ്കറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തുടനീളം 250 ഹോട്ടലുകള്‍ക്കാണ് സന്ദര്‍ശകരെ സ്വീകരിക്കാനുള്ള അനുമതിയുള്ളത്.
ടൂറിസം വകുപ്പില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 250 ഹോട്ടലുകളെ മാത്രമേ സന്ദര്‍ശകരെ സ്വീകരിക്കുന്നതിന് അനുവദിക്കുകയുളളൂ. മറ്റ് ഹോട്ടലുകളില്‍ തങ്ങുന്നത് നിയമവിരുദ്ധ സന്ദര്‍ശനമായി പരിഗണിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. അതിര്‍ത്തിയില്‍ ഇത് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും സന്ദര്‍ശകന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ എത്തുകയാണെങ്കില്‍ അവരെ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലിലേയ്ക്കയക്കുകയും അവിടെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
ഗോവയില്‍ ഇതുവരെ 1,315 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 593 പേര്‍ ചികില്‍സയില്‍ കഴിയുന്നു. 3 പേര്‍ മരിച്ചു.