സ്വര്‍ണക്കടത്ത് കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എം ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു

ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റിലെത്തിയാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. ശിവശങ്കറിന്റെ പോസ്റ്റ് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും

Update: 2022-01-06 07:28 GMT

തിരുവനന്തപുരം:  ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചു. ഇന്ന് രാവിലെ 11ന് സെക്രട്ടേറിയറ്റിലെത്തിയാണ് സര്‍വ്വീസില്‍ പ്രവേശിച്ചത്. ശിവശങ്കറിന് എന്ത് ചുമതലയാകും നല്‍കുകയെന്നതാണ് ഇനി അറിയേണ്ടത്. തസ്തിക സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതോടെ സസ്‌പെന്‍ഷനിലായിരുന്നു. 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ചയാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്‌പെന്‍ഷന്‍ കാലത്തിന് ശേഷമാണ് ശിവശങ്കര്‍ തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയായി. സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന്‍ അഴിമതിക്കേസിലുമാണ് പ്രതി ചേര്‍ത്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിലായിരുന്നു.

ശിവശങ്കറിനെതിരായ പ്രധാനപ്പെട്ട കേസുകളിലൊന്ന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത ഡോളര്‍ക്കടത്ത് കേസാണ്. ഈ കേസിന്റെ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി കസ്റ്റംസില്‍ നിന്ന് തേടിയിരുന്നു. ഡിസംബര്‍ 30നകം വിശദാംശങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെത്. എന്നാല്‍ കസ്റ്റംസില്‍ നിന്ന് പ്രതികരണമുണ്ടായില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ശിപാര്‍ശ സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. 2023 ജനുവരി വരെയാണ് ശിവശങ്കറിന്റെ സര്‍വീസ് കാലാവധി.

Tags:    

Similar News