സ്വര്‍ണ കള്ളക്കടത്ത്: കേന്ദ്രമന്ത്രി വി മുരളീധരന്റെ പങ്ക് എന്‍ഐഎ അന്വേഷിക്കണമെന്ന് എസ്ഡിപിഐ

Update: 2020-08-30 14:07 GMT

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കള്ളക്കടത്തു നടത്തിയ കേസില്‍ ബിജെപി നേതാവും കേന്ദ്ര വിദേശകാര്യസഹമന്ത്രിയുമായ വി മുരളീധരന്റെയും ജനം ടി വി കോഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരുടെയും പങ്ക് എന്‍ഐഎ അന്വേഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. സ്വര്‍ണ കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജുവഴിയല്ലെന്ന് വി മുരളീധരന്‍ തുടര്‍ച്ചയായി പ്രസ്താവനയിറക്കിയിരുന്നു. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് എന്‍ഐഎയും കസ്റ്റംസും പറയുമ്പോഴും കേന്ദ്രമന്ത്രി ഇതിനു വിരുദ്ധമായി പ്രസ്താവനയിറക്കിയത് ആരെ രക്ഷിക്കാനായിരുന്നു, അഥവാ ഈ വിഷയത്തില്‍ ഇത്ര കണിശമായി പറയാന്‍ വി മുരളീധരന് എന്ത് ആധികാരിക വിവരമാണുള്ളത്? സ്വര്‍ണ കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ കേന്ദ്രമന്ത്രിക്ക് പങ്കുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ നിലപാട്.

നയതന്ത്ര ബാഗേജുവഴിയല്ല സ്വര്‍ണം കടത്തിയതെന്നു മൊഴി നല്‍കാന്‍ അനില്‍ നമ്പ്യാര്‍ സ്വപ്നയോട് നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് വ്യാജരേഖയുണ്ടാക്കാന്‍ അനില്‍ നമ്പ്യാര്‍ ശ്രമിച്ചിരുന്നതായും സ്വപ്ന പറയുന്നു. പ്രതികളെ സഹായിക്കാന്‍ മുരളീധരന്‍ പറഞ്ഞ കളവ് സത്യമാക്കാനാണ് അനില്‍ നമ്പ്യാര്‍ സ്വപ്നയോട് ഇതേ രൂപത്തില്‍ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടത്. എന്‍ഐഎയുടെയും കസ്റ്റംസിന്റെയും റിപോര്‍ട്ടിനു വിരുദ്ധമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്തിനാണ് ഇത്തരത്തില്‍ നിലപാടെടുത്തതെന്ന് തെളിയേണ്ടതുണ്ട്. വി മുരളീധരന്റെയും അനില്‍ നമ്പ്യാരുടെയും ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുത്ത് പരിശോധിക്കണം. കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനും വി മുരളീധരനെയും അനില്‍ നമ്പ്യാരെയും എന്‍ഐഎ ചോദ്യം ചെയ്യണമെന്നും ഷാന്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News