സ്വര്‍ണക്കടത്ത്: ശിവശങ്കറിനെ വീണ്ടും എന്‍ ഐ എ ചോദ്യം ചെയ്യുന്നു
എന്‍ ഐ എയുടെ കൊച്ചിയിലെ ഓഫിസിലേക്ക് ഇന്ന് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. മൂന്നാം തവണയാണ് ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നത്.സ്വപ്ന സുരേഷും ഇപ്പോള്‍ എന്‍ ഐ എയുടെ കസ്റ്റഡിയില്‍ ഉണ്ട്. കഴിഞ്ഞ ദിവസം സ്വപ്നയെ വീണ്ടും എന്‍ ഐ എ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.സ്വപ്‌നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍ ശിവശങ്കറിനെ എന്‍ ഐ എ വീണ്ടും ചോദ്യം ചെയ്യുന്നു.എന്‍ ഐ എയുടെ കൊച്ചിയിലെ ഓഫിസിലേക്ക് ഇന്ന് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്.രാവിലെ 10.45 ഓടെയാണ് ശിവശങ്കര്‍ കൊച്ചിയിലെ എന്‍ ഐ എ ഓഫിസില്‍ എത്തിയത്.മൂന്നാം തവണയാണ് ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നത്.സ്വപ്ന സുരേഷും ഇപ്പോള്‍ എന്‍ ഐ എയുടെ കസ്റ്റഡിയില്‍ ഉണ്ട്. കഴിഞ്ഞ ദിവസം സ്വപ്നയെ വീണ്ടും എന്‍ ഐ എ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.നാളെയോടെ സ്വപ്‌നയുടെ കസ്റ്റഡി കാലാവധി കഴിയും.സ്വപ്‌നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
നേരത്തെ രണ്ടു തവണ ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു.ആദ്യ തവണ തിരുവനന്തപുരത്ത് വെച്ചും പിന്നീട് കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.സ്വപ്‌നയുമായി തനിക്ക് സൗഹൃദം മാത്രമാണുളളതെന്നും പ്രതികള്‍ നടത്തിയ സ്വര്‍ണക്കടത്തിനെക്കുറിച്ച് തനിക്ക് യാതൊരു വിധ അറിവുമില്ലെന്നുമായിരുന്നു ശിവശങ്കര്‍ എന്‍ ഐ എക്ക് മൊഴി നല്‍കിയിരുന്നത്.തുടര്‍ന്നാണ് കഴിഞ്ഞ രണ്ടു തവണയും ശിവശങ്കറിനെ എന്‍ ഐ എ ചോദ്യം ചെയ്ത് വിട്ടയച്ചത്.സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തിരുവനന്തപരും സി-ഡാക്കില്‍ ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു.
ഇതില്‍ 2000 ജിബിയോളം ഡാറ്റ വീണ്ടെടുത്തിരുന്നതായാണ് വിവരം.സ്വപ്‌ന സുരേഷ് തന്റെ ഫോണില്‍ നിന്നടക്കം മായ്ച്ചുകളഞ്ഞ പല വിവരങ്ങളും പരിശോധനയില്‍ വീണ്ടെടുത്തിട്ടുണ്ട്.ഇതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും എന്‍ ഐ എയക്ക് ലഭിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ അറിയിച്ചതും കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയതും. 22 മുതല്‍ സ്വപ്നയെ എന്‍ ഐ എ ചോദ്യം ചെയ്തു വരികയാണ്. ഇതിനു പിന്നാലെയാണ് ഇന്ന് ശിവശങ്കറിനെയും ചോദ്യം ചെയ്യാനായി കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയിരിക്കുന്നത്.