സ്വര്‍ണക്കടത്ത്: ശിവശങ്കര്‍ ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകള്‍ കൂടി കിട്ടിയെന്ന് കസ്റ്റംസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏഴിലേക്ക് മാറ്റി
തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം വ്യക്തമാണ്.ഉന്നത പദവിയില്‍ ഇരുന്ന ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കര്‍. വിദേശത്ത് അടക്കം ബന്ധമുണ്ട്.നിരവധി രാജ്യങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.വിദേശത്ത് അടക്കം അന്വേഷണം വേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നും കസ്റ്റംസ് വ്യക്തമാക്കി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസിന്റെ സത്യവാങ്മൂലം.ശിവശങ്കര്‍ മറച്ചുപിടിച്ചിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ കൂടി ലഭിച്ചുവെന്നും സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയിലാണ് കസ്റ്റംസ് സത്യവാങ്മൂലം നല്‍കിയത്.കസ്റ്റംസ് തിടുക്കപ്പെട്ടല്ല ശിവശങ്കറെ കേസില്‍ പ്രതിചേര്‍ത്തത്.ഇന്‍ഡ്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നത് പരിഗണിച്ച് സത്യം വെളിപ്പെടുത്താന്‍ അദ്ദേഹത്തിന് സമയവും അവസരവും നല്‍കിയിരുന്നു.തെളിവുകള്‍ നിരത്തി ചോദിക്കുമ്പോള്‍ ഉത്തരങ്ങള്‍ മാറ്റിമാറ്റിപറയുകയോ കൃത്യമായി ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയോ ചെയ്യന്ന സമീപനമാണ് ശിവശങ്കര്‍ സ്വീകരിക്കുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം വ്യക്തമാണ്.ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നാണ് ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മറ്റു രണ്ടു ഫോണുകള്‍ ശിവശങ്കര്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ദീര്‍ഘ സമയം ചോദ്യം ചെയ്തിട്ടും ഇത് സമ്മതിക്കാന്‍ ശിവശങ്കര്‍ തയാറായിരുന്നില്ല. എന്നാല്‍ ഈ രണ്ടു ഫോണുകള്‍ ശിവശങ്കറിന്റെ ഭാര്യ കസ്റ്റംസിന് കൈമാറിയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.സത്യം മറച്ച് വെക്കുന്നു എന്നതിന് പ്രധാന തെളിവാണ് ശിവശങ്കര്‍ സ്വീകരിച്ച ഈ സമീപനത്തിലൂടെ വ്യക്തമാകുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കി. അറസ്റ്റ്‌ഒഴിവാക്കനാണ് നേരത്തെ ശിവശങ്കര്‍ രോഗം നടിച്ച് അദ്ദേഹത്തിന്റെ ഭാര്യ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ പ്രവേശിച്ചത്.മുന്‍ കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഇ ഡി അറസ്റ്റു ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പ്രധാന പദവിയില്‍ ഇരുന്നുകൊണ്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളെ സഹായിച്ചുവെന്നു കസ്റ്റംസിന്റെ അന്വേഷണത്തില്‍ വ്യക്തമായെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലുടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ശിവശങ്കറിന് ജാമ്യം നല്‍കരുത്. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കും.സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്.ഉന്നത പദവിയില്‍ ഇരുന്ന ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കര്‍. വിദേശത്ത് അടക്കം ബന്ധമുണ്ട്.നിരവധി രാജ്യങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ വിദേശത്ത് അടക്കം അന്വേഷണം വേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്നും കസ്റ്റംസ് വ്യക്തമാക്കി.തുടര്‍ന്ന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ഏഴാം തിയതിയിലേക്ക് കോടതി മാറ്റി മൊഴികള്‍ക്കുപരി കൂടുതല്‍ തെളിവുണ്ടെങ്കില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.